കാസർകോട് :കൊറോണ ബാധിച്ച കാസർകോട് എരിയാൽ സ്വദേശിയുടെ രോഗത്തിന്റെ കാഠിന്യം കുറയുന്നതും കാത്തിരിക്കുകയാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ. ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്ന 47 കാരന്റെ സ്വർണ്ണ കള്ളക്കടത്തിന്റെ വിവരങ്ങൾ നിരീക്ഷിക്കുകയാണ് കസ്റ്റംസും റവന്യു ഇന്റലിജൻസ് വിഭാഗവും.
നിരന്തരം വിദേശത്തേക്ക് പോയി വരുന്ന ഇയാൾ പ്രമുഖ കള്ളക്കടത്ത് കാരിയർ ആണെന്നാണ് ഡി.ആർ.ഐക്ക് വിവരം ലഭിച്ചത്. ദുബായ് ബിസിനസ് മുറതെറ്റാതെ നടത്തുന്ന ഇയാളുടെയും സുഹൃത്തുക്കളുടെയും ഇടപാടുകൾ നാട്ടിൽ പലർക്കും അറിയാം. ദുബായി കേന്ദ്രികരിച്ച് ഇന്ത്യയിലേക്ക് സ്വർണ്ണക്കടത്ത് നടത്തുന്ന കാരിയറാണോ ഇയാളെന്ന സംശയം ബലപ്പെട്ടുവരികയാണ്. പുറത്ത് കസ്റ്റംസിന്റെ നിരീക്ഷണത്തിൽ കഴിയുന്ന ഇയാളുടെ രോഗം ഭേദമാകുന്ന സമയം തന്നെ ഇയാളെ ഡി.ആർ.ഐ ചോദ്യം ചെയ്യും.
രണ്ടോ മൂന്നോ ദിവസം കൂടുമ്പോൾ ദുബായിലേക്ക് പോകുന്ന താൻ വസ്ത്രങ്ങളും കോസ്‌മെറ്റിക് ഇനങ്ങളുമാണ് നാട്ടിലേക്ക് കൊണ്ടുവരുന്നതെന്നും മുംബൈയിലും കാസർകോടും എത്തിച്ചാണ് കച്ചവടം നടത്തുന്നതെന്നും അതാണ് തന്റെ ബിസിനസ് എന്നും കൊറോണ ബാധിതൻ പറയുന്നുണ്ടെങ്കിലും അത് മുഖവിലക്കെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.
കൊറോണ രോഗ ബാധിതന്റെ സഞ്ചാരപഥത്തിൽ ഉണ്ടായ ദുരൂഹതയും അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിനിടെ ഇയാളുടെ യാത്രയിലെ ദുരൂഹതയെ കുറിച്ച് പരാമർശിച്ചിരുന്നു. ഇന്നലെ ആരോഗ്യവകുപ്പ് മന്ത്രി കെ. കെ. ശൈലജയും ഇയാൾക്കെതിരെ പ്രതികരിച്ചിട്ടുണ്ട്.
ഏറെ പാടുപെട്ട് ജില്ലാ ഭരണകൂടം തയ്യാറാക്കിയ റൂട്ട് മാപ്പിൽ വിമാന താവളവുമായി ബന്ധപ്പെട്ട് ഇദ്ദേഹം എട്ട് മണിക്കൂറുകൾ ചിലവിട്ടിട്ടുണ്ട്. പാസ്പോർട്ട് പിടിച്ചു വെച്ചതു കൊണ്ടാണ് രണ്ടുതവണ വിമാനത്താവളത്തിൽ പോകേണ്ടിവന്നതെന്നാണ് ഇയാൾ നൽകുന്ന വിശദീകരണം. എന്നാൽ റൂട്ട് മാപ്പ് തയ്യാറാക്കുമ്പോൾ കൊണ്ടുവന്ന ബാഗേജ് സംബന്ധിച്ച വിഷയമാണ് കാരണമെന്നാണ് പറഞ്ഞത്. ദുബായ് വിമാനത്തിൽ വന്ന യാത്രക്കാർ എല്ലാവരും ആരോഗ്യ പരിശോധനകൾക്ക് വിധേയമായിരുന്നു. എന്നാൽ ഇയാൾ പരിശോധനയൊന്നുമില്ലാതെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പുറത്തു കടന്നുവോയെന്ന സംശയമാണ് നിലനിൽക്കുന്നത്. തനിക്ക് ചുമ ഉണ്ടെന്ന് വിമാനത്താവളത്തിൽ പറഞ്ഞുവെന്നാണ് ഇപ്പോൾ ഇയാൾ പറയുന്നത്.