തൃക്കരിപ്പൂർ: തൃക്കരിപ്പൂർ, പിലിക്കോട്, ചെറുവത്തൂർ പഞ്ചായത്തുകളിൽ ജനതാ കർഫ്യൂവിന് വൻ ജനകീയ പിന്തുണ. പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം കടകമ്പോളങ്ങൾ പൂർണ്ണമായും അടച്ചിട്ട് വ്യാപാരികളും, റോഡിലിറങ്ങാതെ പൊതു ജനങ്ങളും കർഫ്യൂവിന് പൂർണ പിന്തുണ നൽകി. വിരലിലെണ്ണാവുന്ന തരത്തിൽ ബൈക്കുകളും, വളരെ അത്യാവശ്യ ഘട്ടത്തിനായുള്ള കാറുകളും മാത്രമാണ് റോഡിലിറങ്ങിയത്. ജീവൻ പണയം വെച്ചുള്ള ആരോഗ്യ പ്രവർത്തകർക്കുള്ള ആദരവായി കുഞ്ഞുകുട്ടികളടക്കമുള്ള പൊതു ജനങ്ങൾ വീടിന് വെളിയിലിറങ്ങി കൈകൊട്ടിയും പാത്രങ്ങൾ കൊട്ടിയും ശബ്ദമുണ്ടാക്കി. ചിലർ ചിരട്ട കൊട്ടി​യാണ് ആദരവ് പ്രകടി​പ്പി​ച്ചത്. വൈകീട്ട് 5 മണി മുതൽ 5 മിനി​ട്ടു നേരത്തേയ്‌ക്കാണ് ശബ്ദമുണ്ടാക്കി ആദരവ് അർപ്പിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തതെങ്കിലും പലയിടത്തും 15 മിനി​ട്ടിലേറെ നീണ്ടുനി​ന്നു.