ബന്ധുക്കളും സുഹൃത്തുക്കളും നിരീക്ഷണത്തിൽ.
പഴയങ്ങാടി: ദുബായിൽ നിന്ന് നാട്ടിലെത്തിയ മുട്ടം സ്വദേശിക്ക് കൊറോണ വൈറസ്ബാധ. ഈ മാസം 17ന് ഉച്ചയ്ക്ക് രണ്ടരയ്ക്ക് ദുബായിൽ നിന്ന് പുറപ്പെട്ട എ.ഐ 938 എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 18ന് പുലർച്ചയോടെ കോഴിക്കോട് എയർപോർട്ടിൽ വന്നിറങ്ങിയ യുവാവിനാണ് കൊറോണ പിടിപെട്ടതായി സ്ഥിരീകരിച്ചത്.
കുഞ്ഞിമംഗലത്തുള്ള ഭാര്യ വീട്ടിൽ എത്തിയ ഇയാൾക്ക് അടുത്ത ദിവസം തന്നെ ക്ഷീണം അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പിനെ വിവരമറിയിക്കുകയും പരിയാരത്തെ കണ്ണൂർ ഗവണ്മെന്റ് ആശുപത്രിയിലെ ഐസുലേഷൻ വാർഡിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ഇന്നലെയാണ് വൈറസ്ബാധ പോസറ്റിവ് ആണെന്ന് അറിയുന്നത്. എയർപോർട്ടിൽ നിന്ന് കാറിൽ കൂടെ യാത്ര ചെയ്ത രണ്ട് പുളിങ്ങോം സ്വദേശികളും കാറിന്റെ ഡ്രൈവറും ഭാര്യയും കുട്ടികളും ആരോഗ്യ വകുപ്പിന്റെ കർശന നിർദേശ പ്രകാരം നിരീക്ഷണത്തിലാണ്. എയർപോർട്ടിൽ നിന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശം കിട്ടിയതു കാരണം മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലന്ന് രോഗബാധിതൻ കേരള കൗമുദി പത്രത്തോട് ടെലിഫോണിലൂടെ പറഞ്ഞു.
മാട്ടൂൽ പഞ്ചായത്തിൽ 298 പേരും മാടായി പഞ്ചായത്തിൽ 319 പേരും ഏഴോം പഞ്ചായത്തിൽ 75 പേരും നിരീക്ഷണത്തിൽ ആണ്. മാടായി പഞ്ചായത്തിലെ ഒരാളെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജ് ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.