കൂത്തുപറമ്പ്: നിർമ്മലഗിരി, ചെറുവാഞ്ചേരിക്കടുത്ത ചീരാറ്റ എന്നിവിടങ്ങളിൽ കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പ്രതിരോധപ്രവർത്തനം ശക്തമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവർത്തനം നടക്കുന്നത്.

ദുബായിൽ നിന്നെത്തിയ നിർമ്മലഗിരി സ്വദേശിക്കാണ് കൊറോണ സ്ഥിരികരിച്ചത്. കഴിഞ്ഞ ബുധനാഴ്ച്ച രാവിലെ കരിപ്പൂർ എയർപ്പോർട്ടിൽ എത്തിയ യുവാവ് രാവിലെ 9 മണിയോടെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് രാത്രി 7.30 ഓടെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ ഡോക്ടർ പരിശോധിച്ച യുവാവിനെ രോഗലക്ഷണത്തെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്നും രക്തസാമ്പിൾ ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് കൊറോണ സ്ഥിരീകരിച്ചത്.

ചെറുവാഞ്ചേരി ചീരാറ്റ സ്വദേശിയും ഗൾഫിൽ നിന്നെത്തിയ ആളാണ്. ഇതിനെ തുടർന്ന് കടുത്ത ജാഗ്രതയിലാണ് തലശ്ശേരി, കൂത്തുപറമ്പ് സർക്കാർ ആശുപത്രികൾ. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രതിരോധ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇരുവരുടെയും ബന്ധുക്കളെയും അധികൃതർ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. അതേസമയം ഇവർ പുറംലോകവുമായി കൂടുതൽ ബന്ധപ്പെടാതിരുന്നത് ജനങ്ങൾക്ക് ആശ്വാസമായി മാറിയിരിക്കയാണ്.