ശനിയാഴ്ച എറണാകുളത്ത് സ്ഥിരികരിച്ചവരിൽ മൂന്നും കണ്ണൂർ സ്വദേശികൾ

കണ്ണൂർ :ജില്ലയിൽ ഇന്നലെ നാലു പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അതിനു പുറമെ ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നു പേരും കണ്ണൂർ സ്വദേശികളാണ്. അതോടെ നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ കണ്ണൂർ ജില്ലക്കാരുടെ എണ്ണം പത്തായി.

മാർച്ച് 20ന് ദുബൈയിൽ നിന്ന് എമിറേറ്റ്സിന്റെ ഇ..കെ.. 566 വിമാനത്തിൽ ബാംഗ്ലൂരിലെത്തിയ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സാംപിൾ പരിശോധനയ്ക്ക് ശേഷം അഞ്ചുപേർക്കൊപ്പം അവിടെ നിന്ന് ടെംപോ ട്രാവലർ വഴി കണ്ണൂരിലെത്തിയ അദ്ദേഹം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മാർച്ച് 17ന് ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ ആളാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റൊരാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിൽസയിലാണിപ്പോൾ. മാർച്ച് 17ന് തന്നെ ദുബൈയിൽ നിന്ന് കോഴിക്കോടെത്തിയ ശേഷം കൊറോണ ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ നൽകിയ ശേഷം അവിടെ അഡ്മിറ്റായതാണ് വൈറസ് ബാധ സംശയിച്ച മൂന്നാമത്തെ കണ്ണൂർ സ്വദേശി. ഇയാൾ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിലാണുള്ളത്. മാർച്ച് 21ന് ദുബൈയിൽ നിന്ന് എറണാകുളം വിമാനത്താവളത്തിലെത്തിയ നാലാമത്തെയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് ഇയാളെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച എറണാകുളത്ത് വച്ച് കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് കണ്ണൂർ സ്വദേശികളിൽ രണ്ടു പേർ ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.