കാസർകോട്: കൊറോണ ഭീതിയെ തുടർന്ന് ജീവനക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയ കാസർകോട് ഭെൽ താൽക്കാലികമായി അടച്ചു. ഇന്നു മുതൽ മൂന്നു ദിവസത്തേക്കാണ് കമ്പനി അടച്ചിടുന്നതെന്ന് ഭെൽ- ഇ.എം.എൽ മാനേജിംഗ് ഡയറക്ടർ ടി.എസ്. ചക്രവർത്തിയുടെ അറിയിപ്പിൽ പറയുന്നു.
കമ്പനി പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ സമീപ പ്രദേശങ്ങളിലെല്ലാം കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കമ്പനിക്ക് അവധി നൽകാത്ത അധികൃതരുടെ നടപടിക്കെതിരെ ജീവനക്കാർ കുറേ ദിവസങ്ങളിലായി പ്രതിഷേധത്തിൽ ആയിരുന്നു. എം.ഡി നേരത്തെ അവധിയെടുത്തു നാട്ടിലേക്ക് പോയതിനാൽ കാര്യങ്ങൾ തീരുമാനിക്കാൻ ഭെല്ലിൽ നാഥൻ ഉണ്ടായിരുന്നില്ല. മറ്റ് ഉയർന്ന ഉദ്യോഗസ്ഥർ ആരും ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു.
കൊറോണ വൈറസ് സ്ഥിരീകരിച്ച മൊഗ്രാൽ, ഏരിയാൽ, ചൂരി തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള ജീവനക്കാർ കമ്പനിയിൽ ജോലി ചെയ്യുന്നുണ്ട്. ഇതിൽ ഒരാൾ ഏരിയാൽ സ്വദേശിയുടെ കൂടെ പരിപാടിയിൽ പങ്കെടുത്തിരുന്നു എന്ന് പറയുന്നു. ഇതോടെ കമ്പനിയിലെ 180ഓളം ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ആശങ്കയോടെയാണ് കഴിഞ്ഞിരുന്നത്.
കേന്ദ്രസർക്കാരിനു കീഴിലുള്ള സ്ഥാപനം ആയതിനാൽ ജില്ലയിലെ മറ്റ് സ്ഥാപനങ്ങളെല്ലാം അടച്ചിട്ടപ്പോൾ ഭെല്ലിന്റെ കാര്യത്തിൽ മാത്രം നിലപാട് കൈക്കൊള്ളാൻ ജില്ലാ കളക്ടർ തയ്യാറായിരുന്നില്ല. ഇതേതുടർന്ന് കൊറോണ ഭയന്നു ചില ജീവനക്കാർ സ്വയം അവധിയെടുത്തു പോകാൻ തീരുമാനിച്ചു. ദീർഘദൂര യാത്ര ചെയ്തു വരുന്നവർ അടക്കം ഭെല്ലിൽ ജോലിചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ആരോഗ്യകാര്യത്തിൽ യാതൊരു ഉത്തരവാദിത്വവും ഇല്ലാതെയാണ് കമ്പനി അധികൃതർ പെരുമാറിയത്. പ്രതിഷേധം ശക്തമായതോടെ രാജ്മോഹൻ ഉണ്ണിത്താൻ എം.പി. കമ്പനി മാനേജിംഗ് ഡയറക്ടർ ടി.എസ്. ചക്രവർത്തിയുമായി ചർച്ച നടത്തിയാണ് മൂന്ന് ദിവസത്തേക്ക് അടച്ചിടുന്ന കാര്യം തീരുമാനിച്ചത്.