മട്ടന്നൂർ: കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി മട്ടന്നൂർ മേഖലയിലെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥാപനങ്ങളൊഴികെയുള്ള മറ്റു മുഴുവൻ വ്യാപാര സ്ഥാപനങ്ങളും 24 മുതൽ 31 വരെ അടച്ചിടും. വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ മേഖലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. അത്യാവശ്യമായ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 11 മുതൽ 5 വരെ തുറക്കും. പാൽ, മരുന്ന്, പലചരക്ക് കട എന്നിവയൊഴികെ മറ്റ് സ്ഥാപനങ്ങളെല്ലാം പൂർണമായും അടച്ചു പൂട്ടും. പൊതുജനങ്ങളും തൊഴിലാളികളും സഹകരിക്കണമെന്നും നേതാക്കൾ അറിയിച്ചു. കടകൾ അടച്ചിടുന്നതിനാൽ നഗരസഭയും കെട്ടിട ഉടമകളും മൂന്ന് മാസത്തെ വാടക ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി മട്ടന്നൂർ മേഖലാ പ്രസിഡന്റ് കെ.ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. മുസ്തഫ ദാവാരി, എ.ശിവശങ്കരൻ, പി.വി.അബ്ദുൾ അസീസ്, എ.അശോകൻ, മോഹൻരാജ്, സുരേന്ദ്രൻ വട്ടക്കയം, പി.അജിത്ത് കുമാർ, കെ.കെ.അബ്ദുൾ സലാം, സി.അബ്ദുൾ റഷീദ്, ഡി.ഗഫൂർ എന്നിവർ പ്രസംഗിച്ചു.