കണ്ണൂർ:നോട്ട് നിരോധനവും ജി. എസ്.ടിയും കൊണ്ട് പൊറുതിമുട്ടിയ വ്യാപാരികൾക്ക് മേൽ കൊറോണ ഭീഷണി കൂടി വന്നതോടെ പിടിച്ചു നിൽക്കാൻ കഴിയാത്ത നിലയിലാണ്.വ്യാപാരം കുറഞ്ഞതോടെ കെട്ടിടവാടക പോലും നൽകാനാവാതെ പകച്ചുനിൽക്കുകയാണിവർ. രോഗ വ്യാപനത്തിനെതിരെ ജാഗ്രതയിൽ സർക്കാർ നടപടി കടുപ്പിക്കുമ്പോൾ കൂടുതൽ ആശങ്കയാണ് വ്യാപാരികളിൽ നിറയുന്നത്.

കൂലി കിട്ടാതെ ജീവനക്കാർ

രാവിലെ മുതൽ രാത്രി വരെ കട തുറന്നിട്ടും ജീവനക്കാരുടെ കൂലി പോലും കിട്ടുന്നില്ലെന്നാണ് പല വ്യാപാരികളും പറയുന്നത്. വലിയ തുക വാടക നല്കിയാണ് പലരും സ്ഥാപനം തുറക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയിൽ വാടക നൽകാൻ കടം വാങ്ങേണ്ട അവസ്ഥയാണെന്നും പറയുന്നു. മേൽവാടകയ്‌ക്ക് കടകളെടുത്തവരാണ് വലിയ പ്രതിസന്ധിയിൽ കഴിയുന്നത്. ചില കടകൾ അടയുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളിൽ കാണാനായത്.

അതേസമയം മാർച്ചിലെ വാടക നഷ്ടമാകുമോ എന്ന ആശങ്കയിൽ കെട്ടിട ഉടമകളുമെത്തിയിട്ടുണ്ട്. വാടകയിൽ നിന്നാണ് 19 ശതമാനം ജി.എസ്.ടിയും കോർപറേഷൻ നികുതിയും ആദായ നികുതിയും അടയ്‌ക്കുന്നത്. വരുമാനം ഒരു മാസത്തേക്ക് മുടങ്ങിയാൽ വൻ സാമ്പത്തിക ബാദ്ധ്യതയുണ്ടാകുമെന്ന് ഇവർ പറയുന്നു. കച്ചവടം കുറഞ്ഞതോടെ പല കടകളിലും ജീവനക്കാരെയും കുറച്ചിട്ടുണ്ട്. കൂടുതൽ തൊഴിലാളികളുള്ള തുണിക്കടകളിലും മറ്റും ആഴ്ചയിൽ നാല് ദിവസം ഇവർ വന്നാൽ മതിയെന്നാണ് നിർദ്ദേശം. പല സ്ഥാപനങ്ങളും ജീവനക്കാർക്ക് കുറച്ചുദിവസത്തേക്ക് അവധി നൽകുകയാണ്. നിർബന്ധ അവധിയെടുക്കുന്ന തൊഴിലാളികളുടെ സ്ഥിതിയും ദയനീയം.

കോർപ്പറേഷൻ മൂന്ന് മാസത്തെ വാടക വിട്ടുതരണം:

കണ്ണൂർ കോർപ്പറേഷന്റെ ഉടമസ്ഥതയിൽ ഷോപ്പിംഗ് കോംപ്ലക്സുകളിലും ബങ്കുകളിലുമൊക്കെയായി 350 വ്യാപാരികളുണ്ട്. ഇവർക്കെല്ലാം കട തുറന്നിട്ടും കച്ചവടമില്ല. കോർപ്പറേഷൻ മൂന്ന് മാസത്തെ വാടക ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ മേയറെ കണ്ടു. സ്വകാര്യ ഉടമകളും ഈ മാതൃക പിന്തുടരണമെന്നാണ് ആവശ്യം. സ്റ്റേഡിയത്തിൽ ആറായിരം രൂപ മുതലാണ് വാടക ആരംഭിക്കുന്നത്. മറ്റ് കെട്ടിടങ്ങളിൽ 2000 മുതൽ 18000 വരെ വാടകയുണ്ട്. മാർക്കറ്റിൽ 25000 രൂപ വരെയാണ് വാടക. നിലവിലെ പ്രതിസന്ധിയിൽ ഇത്രയേറെ ഭാരിച്ച തുക എങ്ങനെ നൽകാൻ കഴിയും.

വാടക നിയന്ത്രണ നിയമം ശക്തമാക്കാത്തതോടെ ഉടമകൾ അടിക്കടി വാടക കൂട്ടുന്നെന്ന പരാതികളും കടക്കാർക്കിടയിലുണ്ട്. ഓരോ വ‌ർഷവും ഇരട്ടിയോളമാണ് വാടക കൂട്ടുന്നത് . മൂന്ന് വർഷത്തിലൊരിക്കൽ 20 ശതമാനമേ വാടക കൂട്ടാവൂയെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നെങ്കിലും അതൊന്നും അംഗീകരിക്കാൻ കെട്ടിട ഉടമകൾ തയാറാകുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. വർഷം അഞ്ച് ശതമാനമേ വർദ്ധിപ്പിക്കാവൂ എന്ന നിയമം നടപ്പാക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും അത് നടപ്പാക്കാൻ തയാറായിട്ടില്ല. ദേശീയപാത വികസനത്തിനായി കുടിയൊഴിപ്പിക്കുന്നവരുടെ പുനരധിവാസം പോലും നടപ്പാക്കാതിരിക്കെയാണ് ഇത്തരം പ്രശ്നങ്ങളെല്ലാം ഇവരെ പിന്തുടരുന്നത്. പ്ലാസ്റ്റിക് നിരോധനത്തിലും ഇതേ പ്രശ്നം ചെറുകിട വ്യാപാരികളെ അലട്ടുന്നുണ്ട്. വൻകിട മാളുകളിൽ കുത്തക കമ്പനികൾ പ്ലാസ്റ്റിക് പാക്കറ്റുകളിൽ തന്നെ സാധനങ്ങൾ നൽകുമ്പോൾ ചെറുകിടക്കാർക്ക് പ്ലാസ്റ്രിക് കാരിബാഗ് നൽകാനാകില്ല. ഇത്തരം പരിമിതികാരണം സൗകര്യപ്രദമായി സാധനം വാങ്ങാൻ ആൾക്കാർ മാളുകളിലേക്ക് പോവുകയാണ്.