കാഞ്ഞങ്ങാട്: കൊറോണ വ്യാപനത്തിന്റെ മൂന്നാംഘട്ടം അതിജീവിക്കുന്നതിനുള്ള നടപടികൾ ആരോഗ്യ വകുപ്പ് കർശനമാക്കി. ജില്ലയിലെ സർക്കാർ ആശുപത്രികൾക്കു പുറമെ സ്വകാര്യ ആശുപത്രികളിലും മറ്റു കേന്ദ്രങ്ങളിലും ഐസൊലേഷൻ വാർഡുകൾ ഒരുക്കിയിട്ടുണ്ട്.
നഗരത്തിൽ മദേർസ് ആശുപത്രി, ലക്ഷ്മി മേഘൻ ആശുപത്രി എന്നിവിടങ്ങളിൽ ഇരുപതു രോഗികളെ പ്രവേശിപ്പിക്കാനായി ഐസൊലേഷൻ വാർഡുകൾ ഒരുക്കി. പടന്നക്കാട് കോളേജിനു എതിർവശത്തുള്ള പഴയ മഹാത്മജി ആശുപത്രി കെട്ടിടം ഡി.വൈ.എഫ്.ഐ പ്രവർത്തകർ കഴുകി തുടച്ച് ഐസോലേഷൻ വാർഡാക്കാൻ പാകത്തിലാക്കി.
പെരിയ സി.എച്ച്.സിയിലെ ഐസൊലേഷൻ വാർഡിനു പുറമെ പെരിയ മാനസിക ആരോഗ്യ കേന്ദ്രത്തിലും രോഗം സ്ഥിരീകരിച്ചവരെ പ്രവേശിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയതും ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ്. ജില്ലാ ആശുപത്രിയിൽ 9 പേരാണ് ഐസൊലേഷൻ വാർഡിൽ കഴിയുന്നത്. പെരിയയിൽ പത്തും ലക്ഷ്മിമേഘൻ ആശുപത്രിയിൽ 15 ഉം പേർ നിരീക്ഷണത്തിലാണ്.
അതേസമയം രോഗലക്ഷണമുള്ളവരെ ജില്ലാ ആശുപത്രിയിൽ മാത്രമാക്കിയാൽ ചികിത്സിക്കാൻ എളുപ്പമാണെന്നു ബന്ധപ്പെട്ടവർ പറയുന്നു. പടന്നക്കാട് ഐസൊലേഷൻ വാർഡാക്കിയാൽ ഇവിടെ രോഗികളെ ചികിത്സിക്കേണ്ടതും പരിചരിക്കേണ്ടതും ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരാണ്. ജില്ലാ ആശുപത്രിയിലെ ജോലിക്കു പുറമെ അഞ്ചു കി. മീറ്റർ ദൂരെയുള്ള പടന്നക്കാട്ടേക്ക് പോകേണ്ടി വരുന്നത് ശ്രമമകരമാണ്. ജില്ല ആശുപത്രിയിൽ നിലവിൽ അഞ്ചു നില കെട്ടിടo, കുട്ടികളുടെ വാർഡ് എന്നിവിടങ്ങളിലെ സൗകര്യം ആരോഗ്യ വകുപ്പ് ഉപയോഗിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.