കണ്ണൂർ: ആരോഗ്യ വകുപ്പിന്റെ പേരിൽ കൊറോണ വൈറസ് സംബന്ധിച്ച് ഹെലികോപ്റ്ററിൽ മിതൈൽ വാക്‌സിൻ തളിക്കുന്നുവെന്ന് വ്യാജ പ്രചരണം നടത്തിയയാൾ അറസ്റ്റിൽ. മുഴപ്പിലങ്ങാട് സ്വദേശി ബീച്ച് റോഡ് ആശാരി പീടികയിലെ ഷാന ഷരീഫ് (21)ആണ് അറസ്റ്റിലായത്. വ്യാജപ്രചരണത്തിന് കൂട്ടുനിന്ന വാട്‌സാപ് അഡ്മിനെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയതായി എടക്കാട് സി.ഐ പി.കെ. മണി പറഞ്ഞു.
കണ്ണൂർ ജില്ലയിൽ എല്ലായിടത്തും മാർച്ച് 22ന് രാത്രി 12 മണി മുതൽ രാത്രി 3 മണിവരെ ഹെലികോപ്റ്ററിൽ മീതൈൻ വാക്‌സിൻ തളിക്കുന്നുണ്ടെന്ന തരത്തിൽ സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി പ്രചരിക്കുന്ന ശബ്ദ സന്ദേശമാണ് ഇയാൾ പുറത്തു വിട്ടത്. ഇതു വ്യാജമാണെന്നും ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ .നാരായണ നായ്ക് അറിയിച്ചതിനെതുടർന്ന് പൊലീസ് കേസെടുത്തിരുന്നു.