കാസർകോട്: 'പുറത്തിറങ്ങരുതെന്ന് പറഞ്ഞു മടുത്തു. ഇനി പറച്ചിലില്ല. ചുട്ട അടി ഉറപ്പാണ്..." കാസർകോട് ജില്ലാ കളക്ടർ ഡി. സജിത്ത് ബാബു റോഡിൽ വണ്ടി തടഞ്ഞ് മുന്നറിയിപ്പ് നൽകുകയാണ്.
കൊറോണ വ്യാപനം നിത്യേന റിപ്പോർട്ടു ചെയ്തതിനെ തുടർന്ന് പൂർണമായടച്ച കാസർകോട്ട് നിരോധനാജ്ഞ ചെവിക്കൊള്ളാതെ വാഹനവുമായിറങ്ങുന്നവരും കൂട്ടം കൂടുന്നവരും പൊലീസിനും ജില്ലാ ഭരണകൂടത്തിനും തലവേദനയാകുന്നു. കളക്ടറുടെ നിർദ്ദേശപ്രകാരം പൊലീസ് കഴിഞ്ഞ ദിവസം രാത്രിയിലും ഇന്നലെ പകലും നഗരത്തിൽ ചുറ്റിക്കറങ്ങിയ ഒട്ടേറെപ്പേരെ വിരട്ടിയോടിച്ചു.
പൊരിവെയിലത്ത് കളക്ടറും റോഡിൽ ഓടി നടന്നു. അടുത്തെത്തിയ ബൈക്ക് യാത്രക്കാരെയും കാറിൽ പോകുന്നവരെയും ഉപദേശിച്ച് മടക്കിഅയച്ചു. ആവർത്തിച്ചാൽ അടിയെന്നു തന്നെ മുഖത്തു നോക്കി പറഞ്ഞു. സ്ഥാപനങ്ങൾ തുറന്നവരെയും കളക്ടർ പറഞ്ഞയച്ചു.
144 പ്രഖ്യാപിച്ച ഉടൻ കാസർകോട് ഡിവൈ.എസ്.പി പി. ബാലകൃഷ്ണനെയും ഒരു വാഹനം നിറയെ പൊലീസുകാരെയും കൂട്ടി മഞ്ചേശ്വരം ചെക്ക് പോസ്റ്റിൽ കളക്ടർ എത്തി. കേരള അതിർത്തി മുതൽ കാസർകോട് നഗരം വരെ രാത്രി പട്രോളിംഗ് നടത്തി. കൂട്ടംകൂടി നിന്നവരെയും അനാവശ്യമായി വാഹനത്തിൽ കറങ്ങിയവരെയും ലാത്തിവീശി ഓടിച്ചു.
'ജനങ്ങളിൽ 90 ശതമാനവും അനുസരിക്കുമ്പോൾ നിയമങ്ങളൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്ന മട്ടിൽ പെരുമാറുന്നവരെ കർശനമായി കൈകാര്യം ചെയ്യും. കളനാട് കൊറോണ കേസിൽ അടുത്ത ബന്ധുക്കളെയാണ് വൈറസ് പിടികൂടിയത്. അയാളുടെ കൂടെ 20 മിനിട്ട് കാറിൽ ഇരുന്നയാളിനും രോഗം ബാധിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഹോം ഐസൊലേഷൻ കർശനമാക്കുന്നത്.
ഡോ. ഡി. സജിത് ബാബു,
ജില്ലാ കളക്ടർ