നീലേശ്വരം: കൊറോണ വൈറസ് പ്രതിരോധിക്കുന്നതിന് കിനാനൂർ കരിന്തളം പഞ്ചായത്തിൽ ഐസോലേഷൻ വാർഡ് സജ്ജമാക്കി. ഇതിനായി മെഡിക്കൽ ഓഫീസർ കൺവീനറും പഞ്ചായത്ത് പ്രസിഡന്റ് ചെയർമാനുമായി പ്രത്യേക പഞ്ചായത്തുതല ജാഗ്രത സമിതിക്ക് രൂപം നൽകി. വില്ലേജ് ഓഫീസർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാർ എന്നിവർ കമ്മറ്റിയിൽ അംഗങ്ങളാണ്. കൊറോണയുമായി ബന്ധപ്പെട്ട് 24 മണിക്കൂറും സേവനം നൽകുന്ന പഞ്ചായത്ത് ആരോഗ്യ വകുപ്പ് നേതൃത്വം കൊടുക്കുന്ന ഹെൽപ്പ് ഡസ്‌ക്കും പ്രവർത്തിക്കുന്നുണ്ട്.
ഐസൊലേഷൻ വാർഡായി കിനാനൂർ കരിന്തളം ഗവൺമെന്റ് കോളേജാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. 68 പേർക്ക് താമസിക്കാനുള്ള എല്ലാവിധ സജ്ജീകരണങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ടോയ്ലറ്റ് സമുച്ഛയവും കുടുംബശ്രീ നടത്തുന്ന ഹോട്ടൽ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇപ്പോൾ ഹോം ഐസൊലേഷനിൽ കഴിയുന്നവരുടെ വീട്ടുകാരെ അടക്കം നിരീക്ഷണ വിധേയമാക്കാനും മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ വീടുകളിൽ തന്നെ കഴിയാൻ അവരെ ബോധ്യപ്പെടുത്താനും പഞ്ചായത്ത് കർമ്മസമിതി നേതൃത്വം നൽകും.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വിധു ബാല അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡാൽമിറ്റ നിയ ജെയിംസ് നിലവിലുള്ള സാഹചര്യം വിശദീകരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പാറക്കോൽ രാജൻ, അഡ്വ.കെ.കെ.നാരായണൻ, വി.സി. പത്മനാഭൻ, അഡ്വ. കെ. രാജഗോപാൽ, എൻ. പുഷ്പരാജൻ, സി.വി. സുകേഷ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ എന്നിവർ സംബന്ധിച്ചു.