കാസർകോട് : വിദേശ മലയാളികളോടൊപ്പം മുംബൈയിൽ നിന്ന് മലയാളികൾ കൂട്ടത്തോടെ മടങ്ങിവരുന്നതും കാസർകോടിന്‌ ഭീഷണിയാകുന്നു. മഹാരാഷ്ട്രയിൽ കൊറോണ വൈറസ് വ്യാപകമായി പടർന്നുപിടിക്കാൻ തുടങ്ങിയതോടെയാണ് മുംബൈയിലുള്ള മലയാളികൾ തിരിച്ചുവരുന്നത്. മുംബൈയിലും പരിസരങ്ങളിലും കൊറോണ രോഗം ബാധിച്ച പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ ഇങ്ങോട്ട് വരുന്നത് .

പരമ്പരാഗതമായി ആയിരക്കണക്കിന് കാസർകോടുകാരാണ് മുംബൈയിൽ വിവിധ വ്യാപാരവും ജോലിയുമായി കഴിയുന്നത്. . കൊറോണ വ്യാപനം തുടങ്ങിയതോടെ ഈ സ്ഥാപനങ്ങളെല്ലാം സർക്കാർ അടച്ചിട്ടു. കമ്പനികളും സർക്കാർ സ്ഥാപനങ്ങളും അടച്ചിട്ടതോടെയാണ് മുംബൈ മലയാളികൾ തിരിച്ചുവരുന്നത്. മഞ്ചേശ്വരം, കാസർകോട് ഭാഗങ്ങളിൽ നിന്നുമാത്രം പതിനായിരത്തോളം പേർ മുംബൈയിലുണ്ട്. മുംബൈയിലെ ഹോട്ടൽ ഉടമകളും ഹോട്ടൽ തൊഴിലാളികളും മഞ്ചേശ്വരത്തുകാരാണ്. ഉദുമ, കാഞ്ഞങ്ങാട്, ചെറുവത്തൂർ, പടന്ന, തൃക്കരിപ്പൂർ പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകളും മുംബൈയിൽ ജോലി ചെയ്യുന്നുണ്ട്. അവിടെയുള്ള കൊറോണ രോഗബാധിതരുമായി സമ്പർക്കം പുലർത്താൻ സാദ്ധ്യത ഉള്ളതുകൊണ്ട് തന്നെ ഇവരുടെ മടങ്ങിവരവിനെ കാസർകോട് കാസർകോടുകാർ പേടിക്കണം.

കഴിഞ്ഞദിവസം രാവിലെ നേത്രാവതി എക്സ്പ്രസിന് കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ റെയിൽവേ സ്റ്റേഷനുകളിലായി നിരവധി മുംബൈ മലയാളികൾ എത്തിയിരുന്നു. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ 53 ഓളം പേരെ ആരോഗ്യവകുപ്പ് അധികൃതർ നിരീക്ഷണത്തിക്കിയിട്ടുണ്ട്. ചെറുകിട വ്യാപാരം നടത്തുന്നവരും കമ്പനി ജീവനക്കാരുമാണ് ഇവരെല്ലാം. പടന്ന കടപ്പുറം ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ ഏറ്റെടുത്ത് ഇവരെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. അതെ സമയം ചെറുവത്തൂർ പഞ്ചായത്തിലുള്ളവർ സ്വന്തം വീടുകളിലേക്കാണ് പോയത്. ഈ സംഘത്തിൽ വന്ന പടന്ന തെക്കേക്കാട് സ്വദേശിയെ പെരിയയിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

വലിയപറമ്പിൽ എത്തിച്ച കുറേപ്പേർ തങ്ങളുടെ വീടുകളിലേക്ക് പോകണമെന്ന് വാശി പിടിച്ചതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആരോഗ്യപ്രവർത്തകർ മുംബൈയിൽ നിന്ന് വരുന്നവരെ കൃത്യമായി നിരീക്ഷിക്കാൻ തുടങ്ങിയിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചില്ലെങ്കിൽ 'കൈവിട്ട കളി' യാകുമെന്ന് അവരെ ഓർമ്മിപ്പിക്കുന്നുണ്ട്.