പാനൂർ: കഴിഞ്ഞ റിവിഷൻ കമ്മിറ്റി യോഗത്തിലെടുത്ത തീരുമാനം നടപ്പിലാക്കാത്തതിനെ ചൊല്ലി പാനൂർ നഗരസഭ വാർഷിക പദ്ധതി അംഗീകരിക്കുന്നതിനായി യോഗത്തിൽ ഉന്നയിച്ച ചോദ്യത്തിന് ഉത്തരം ലഭിച്ചില്ലെന്നാരോപിച്ച് എൽ.ഡി.എഫ് ഇറങ്ങിപ്പോയി. കേളായി കനക തീർഥം റോഡിനു പകരം നെല്ലൂർ പീടിക ആന കെട്ടിയതിൽ റോഡിന് ഫണ്ട് നീക്കിവെച്ചെന്ന സുനിതയുടെ ആരോപണത്തിന് മറുപടി ലഭിക്കാത്തതിനെ തുടർന്നാണ് ഇറങ്ങിപ്പോക്ക്.

20-21 വർഷത്തെ വാർഷിക പദ്ധതി കൗൺസിൽ യോഗത്തിൽ 'അംഗീകരിച്ചു.2020-21 ലെ അയ്യൻകാളി തൊഴിലുറപ്പ് പദ്ധതി ആക്ഷൻ പ്ലാനിന് 29949282 ഫണ്ട് തുക അടങ്ങുന്ന ലേബർ ബജറ്റിന് അംഗീകാരം നല്കി. കരിയാടവ്, ഇല്ലിപ്പീടികയ്ക്ക് സമീപം പെട്രോൾ പമ്പ് വരുന്ന പദ്ധതിയിൽ തീരുമാനം പിന്നീട് എടുക്കാമെന്ന ധാരണയിൽ കൗൺസിൽ മാറ്റിവച്ചു. വ്യക്തിഗതമായും ഗ്രൂപ്പ് വിഭാഗങ്ങൾക്കും നല്കുന്ന സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള ഉപഭോക്താക്കളെ അംഗീകരിച്ചു. മേക്കുന്ന് പി.എച് സി യിൽ നിന്നും അവധിയിൽ പോയ ലാബ് ടെക്നീഷന് പകരം തല്ക്കാലികമായി പുതിയ ആൾക്കാരെ നിയമിക്കാനും തീരുമാനമായി. കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കുടിവെള്ള വിതരണത്തിനായി ജി.പി.എസ് ഘടിപ്പിച്ച വാഹനത്തിന് ക്വട്ടേഷൻ നല്കാനും കൗൺസിലിൽ തീരുമാനമായി.