തൃക്കരിപ്പൂർ: കൊറോണ വ്യാപനത്തിനെതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയുടെ അതിർത്തികൾ അടച്ചു.ഒളവറ പാലം, തലിച്ചാലം പാലം, തട്ടാർ കടവ് പാലം വഴിയുള്ള ഗതാഗതമാണ് മുളകൾ കെട്ടി തടഞ്ഞത്. ഈ മൂന്നു സ്ഥലങ്ങളിലും പോലീസ് കാവലും ഏർപ്പെടുത്തി. കണ്ണൂർ ജില്ലയിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് ഈ മൂന്നു പാലങ്ങളും. കാലിക്കടവ് ആണൂരിലെ ജില്ലാ അതിർത്തിയിലെ ചെറിയ പാലത്തിലും ഭാഗികമായി ഗതാഗതം തടഞ്ഞു.ഇത് ദേശീയ പാത യായതിനാൽ കൃത്യമായ പരിശോധനയും നിർദ്ദേശങ്ങളും നൽകിക്കൊണ്ട് അത്യാവശ്യക്കാർക്കായി ഗതാഗത സൗകര്യമൊരുക്കുന്നുണ്ട്. കൊറോണ വൈറസിനെതിരെയുളള മുൻകരുതലെന്ന നിലയിൽ തൃക്കരിപ്പൂരിലെ ജനങ്ങൾ ബന്ധപ്പെടുന്ന ബസ് സ്റ്റാൻഡ് ,മാർക്കറ്റ് ,പ്രധാന വ്യാപാര കേന്ദ്രങ്ങൾ, ആശുപത്രി പരിസരം തുടങ്ങിയവിടങ്ങളിൽ അഗ്നിശമന സേന കഴുകി ശുചീകരിച്ചു.

കൂടുതൽ കൈ കഴുകൽ കേന്ദ്രങ്ങൾ

തൃക്കരിപ്പൂർ വടക്കെ കൊവ്വൽ റോഡിൽ റെൻറ് ടൂൾസ് ഉടമ സുനിലിന്റെ നേതൃത്വത്തിൽ 200 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കും കൈ കഴുകാനുളള മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി. തൃക്കരിപ്പൂർ കെ.എം.കെ.സ്മാരക കലാസമിതിയടക്കം കൈ കഴുകൽ ശുശ്രൂഷ വ്യാപകമാക്കി.

തൃക്കരിപ്പൂരിൽ ഏഴ് ഐസൊലേഷൻ ക്യാമ്പുകൾ

തൃക്കരിപ്പൂരിൽ ഏഴു ഐസലേഷൻ ക്യാമ്പുകൾ സ്ഥാപിക്കാൻ ഇന്നലെ പഞ്ചായത്താഫീസിൽ ചേർന്ന ആരോഗ്യ പ്രവർത്തകരുടെയടക്കം യോഗം തീരുമാനിച്ചു. ടൗണിലെ ഗവ ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് പോൾസ് സ്കൂൾ, കൈക്കോട്ടുകടവ് സ്കൂൾ തുടങ്ങിയവ പ്രാരംഭ ഘട്ടത്തിൽ ഐസലേഷൻ ക്യാമ്പായി ഉപയോഗിക്കും.

കൊറോണ സെൽ രൂപീകരിച്ചു.

ചെറുവത്തൂർ: ചെറുവത്തൂരിലെ കൊറോണ ക്കെതിരെയുള്ള പ്രതിരോധം ഏകോപിപ്പിക്കാൻ കൊറോണ സെൽ രൂപീകരിച്ചു.ഇതിന്റെ ഭാഗമായി വാർഡുതല ജനജാഗ്രതാ സമിതി രൂപീകരിച്ചു.ചെറുവത്തൂർ ടെക്നിക്കൽ സ്കൂളിൽ ഐസലേഷൻ ക്യാമ്പ് സംഘടിപ്പിക്കാനും തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, മെഡിക്കൽ ഓഫീസർ ഡോ ഡി.ജി.രമേഷ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ സംസാരിച്ചു.