ഇരിട്ടി: ദുബായിയിൽ നിന്നും ബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങി കൂട്ടുപുഴ ചെക്ക് പോസ്റ്റ് ഇരിട്ടി വഴി കടന്നുപോയ ചെറുവാഞ്ചേരി സ്വദേശിയുമായി ബന്ധപ്പെട്ട നിരീക്ഷണം ശക്തമാക്കി. ഇയാളുടെ യാത്രസംബന്ധിച്ച റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. ഇയാൾ കൂട്ടുപുഴയിൽ നിന്നും യാത്ര ചെയ്ത എം 4 സിക്സ് ബസ്സിലെ യാത്രാക്കാർ നിരീക്ഷണത്തിലാണ്.

20 ന് ഉച്ചക്ക് 1.30 ന് ദുബായ് ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും ഇ.കെ 566 എമിറേറ്റ്സ് വിമാനത്തിൽ വൈകുന്നേരം 6.30 നാണു ഇയാൾ ബംഗളൂരു വിമാനത്താവളത്തിൽ എത്തിച്ചേരുന്നത്. തുടർന്ന് സ്‌ക്രീനിംഗ് കഴിഞ്ഞ് 7.30 തോടെ ആംബുലൻസിൽ ബംഗളൂരു രാജീവ് ഗാന്ധി ഹോസ്പിറ്റലിലും അവിടുത്തെ സ്‌ക്രീനിംഗിന് ശേഷം 10 മണിയോടെ ടെംബോ കേബിളിൽ സാറ്റലൈറ്റ് ബസ് സ്റ്റാൻഡിലും എത്തിച്ചേർന്നു. ഇവിടെ ചായ സ്റ്റാളിലും ബസ് സ്റ്റാൻഡിന് പുറത്തും മറ്റും ഇയാൾ ഏറെ നേരം കാത്തുനിന്നതായി പറയുന്നു. രാത്രി 2 മണിയോടെ ആണ് ഇവിടെ നിന്നും മറ്റു സംഘത്തോടൊപ്പം 12 സീറ്റുള്ള ടെമ്പോ ട്രാവലറിൽ കയറി 21 ന് രാവിലെ 8 മണിയോടെ കൂട്ടുപുഴ ആർ ടി ചെക്ക് പോസ്റ്റിൽ എത്തിച്ചേരുന്നത്. ഇവിടെനിന്നും 8.15 ന് ബസ്സിൽ കയറി കിളിയന്തറ ചെക്ക് പോസ്റ്റിൽ ഇറങ്ങി ആരോഗ്യ പ്രവർത്തകരുടെ സ്‌ക്രീനിംഗിന് വിധേയരാകുന്നു. 8.15 മുതൽ 11 .30 വരെ ഇവിടെ തുടർന്നശേഷം മറ്റ് മൂന്ന് പേരോടൊപ്പം ഓട്ടോവിൽ കയറി 1.05 ന് ചെറുവാഞ്ചേരിയിലെ വീട്ടിൽ എത്തുകയും 22 ന് വൈകുന്നേരം 4 മണിവരെ വിട്ടിൽ ഐസൊലേഷനിൽ കഴിയുകയും ചെയ്തു. അതിനു ശേഷമാണ് ആംബുലൻസിൽ എത്തി ആശുപത്രിയ്ൽ അഡ്മിറ്റ് ആകുന്നെതെന്നാണ് ഇയാളുടെ റൂട്ട് മാപ്പിൽ വിശദീകരിക്കുന്നത് .
ഇയാൾ കിളിയന്തറ ചെക്ക് പോസ്റ്റിൽ എത്തിയപ്പോൾ ഇവിടെ എത്തിയ നാലു മാദ്ധ്യമ പ്രവർത്തകർ രണ്ട് എസ്.ഐമാർ അടക്കം പത്തോളം പൊലീസുകാർ, ആരോഗ്യ പ്രവർത്തകർ, ചെക്ക് പോസ്റ്റ് അധികൃതർ തുടങ്ങിയവർ ഞായറാഴ്ച മുതൽ വീടുകളിൽ നിരീക്ഷണത്തിലാണ്. ഇനിയും എത്രപേർ ഇയാളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ആരോഗ്യവകുപ്പധികൃതർ പരിശോധിച്ച് വരികയാണ്.