കാസർകോട് :കൊറോണ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി കേരളത്തിലേക്കുള്ള റോഡുകൾ കർണാടക അടച്ചുപൂട്ടുകയും തെക്കേ അതിർത്തി കണ്ണൂർ ജില്ലയിലെ അധികാരികളും പൂട്ടിയതോടെ കാസർകോട് പൂർണ്ണമായും ഒറ്റപെട്ടു. കാസർകോട് ജില്ലയിൽ കൊറോണരോഗികളുടെ എണ്ണം പെരുകി വരുന്നതോടെയാണ് കർണാടക കടുത്ത നടപടികളിലേക്ക് നീങ്ങിയത്.
കാസർകോട് നിന്ന് കർണാടകയിലേക്ക് പോകുന്ന വാഹനങ്ങൾ തടഞ്ഞുനിർത്തി കർശന പരിശോധനകൾ നടത്തി തിരിച്ചു വിടുകയാണ്.ആംബുലൻസുകൾ മാത്രമാണ് കർണ്ണാടക പൊലീസ് മംഗളുരു ഭാഗത്തേക്ക് കടത്തിവിടുന്നത്. മലയാളി യാത്രക്കാരെ തിരഞ്ഞുപിടിച്ച് പരിശോധിക്കുന്ന ഏർപ്പാടും കർണാടകയിലെ പൊലീസിന്റെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും ഭാഗത്തുനിന്ന് ഉണ്ടെന്നാണ് ആക്ഷേപം. പൊലീസ് സേനാംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് ഉദ്യോഗസ്ഥരെ കർണാടക സർക്കാർ കേരളത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ നിയോഗിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ട് ദേലമ്പാടി
റോഡുകൾ അടച്ചിടുന്നതിന് മുന്നോടിയായി കേരള-കർണ്ണാടക സംസ്ഥാനപാതയിലെ പ്രധാന റോഡായ ചെർക്കള‐ ജാൽസൂർ സംസ്ഥാന പാതയിലെ ഗ്വാളിമുഖയിൽ കർണാടക സർക്കാർ അതിർത്തി അടച്ചു. കർണാടക നടത്തുന്ന എൽ.പി. സ്‌കൂളിന് പരിസരത്താണ് ബാരിക്കേഡുകൾ തീർത്ത് പൂർണമായും റോഡ് അടച്ചിട്ടത്. കേരളത്തിന്റെ സംസ്ഥാന പാതയിൽ ഗ്വാളിമുഖ ടൗൺ ഉൾപ്പെടെ ചെറിയൊരു ഭാഗം മാത്രമാണ് കർണാടകയിൽ ഉൾപ്പെടുന്നത്. റോഡിനിരുവശത്തും കേരളവുമാണ്. പരപ്പ, കൊട്ടോടി, ദേലംപാടി, പള്ളങ്കോട്, അഡൂർ ഉൾപ്പെടെയുള്ള കേരളത്തിന്റെ ഭാഗങ്ങളിലേക്ക് പോകാൻ ഉപയോഗിക്കുന്ന റോഡ് അടച്ചാൽ ഈ മേഖലയിലെ ജനങ്ങൾ ഒറ്റപ്പെടും. കൊറോണ ബാധിതനായ എരിയാൽ സ്വദേശി അഡൂർ ദേവറടുക്കയിൽ കല്യാണത്തിന് പങ്കെടുത്തിരുന്നു. നിരീക്ഷണത്തിൽ കഴിയുന്ന നൂറുകണക്കിനാളുകൾക്ക് ആശുപത്രിയിൽ ബന്ധപ്പെടാൻ ഉപകരിക്കുന്ന റോഡ് അടച്ചിട്ടതിൽ വ്യാപക പ്രതിഷേധമുണ്ട്. കർണാടകയിലേക്ക് ആളുകൾ കടക്കാതിരിക്കാൻ ഗ്വാളിമുഖയിൽ നിന്നും ഈശ്വരമംഗല വഴിയുള്ള റോഡ് മാത്രം അടച്ചിട്ടാൽ മതിയാകും.
അതേസമയം ഒളവറ പാലം, തലിച്ചാലം പാലം , കാലിക്കടവ് പാലം, തട്ടാർക്കടവ് പാലം എന്നിവിടങ്ങളിലാണ് ബാരിക്കേഡ് ഉപയോഗിച്ച് കണ്ണൂർ ജില്ലാ അധികൃതർ അടച്ചത്. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ ഒരു വാഹനങ്ങളെയും കാസർകോട് ജില്ലയിൽ നിന്ന് ഇന്നലെ കണ്ണൂർ ജില്ലയിലേക്ക് കടത്തിവിട്ടില്ല. തുടക്കത്തിൽ ഒരു ഭാഗത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിട്ടിരുന്നു. പിന്നീട് അതും നിലച്ചതോടെ ജില്ല പൂർണ്ണമായും ലോക്ക് ഡൗൺ ആയി