കാസർകോട്: കൊറോണ വൈറസ് വ്യാപനത്തിൽ കാസർകോട് ജില്ലയിലെ മലയോര ജനത വിറങ്ങലിച്ച് നിൽക്കുകയല്ല. നേരെ മറിച്ച് എന്തുവന്നാലും നേരിടാനുള്ള കരളുറപ്പോടെ ഒറ്റക്കെട്ടായി പ്രവർത്തിക്കുകയാണ്. മലയോരത്ത് ചിറ്റാരിക്കലിൽ മാത്രം 400 പേരാണ് വീടുകളിൽ നിരീക്ഷണത്തിലുള്ളത്. വെസ്റ്റ് എളേരിയിൽ 100, ബളാലിൽ 200 എന്നിങ്ങനെയാണ് നിരീക്ഷണത്തിൽ കഴിയുന്നവർ. അടിയന്തര സാഹചര്യം വരികയാണെങ്കിൽ നേരിടുന്നതിനായി ഈ പഞ്ചായത്തുകളിൽ ഐസൊലേഷൻ കേന്ദ്രങ്ങളും തയാറാക്കിവരികയാണ്. മൗക്കോട് ജി.എൽ.പി സ്‌കൂൾ കെട്ടിടവും ഗവ. കോളജിലെ രണ്ടു ഹോസ്റ്റലുകളും ഐസൊലേഷൻ കേന്ദ്രങ്ങളാക്കാൻ നടപടികളായി. ഈസ്റ്റ് എളേരിയിൽ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ, കമ്പല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവയും ബളാലിൽ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് കോളജും ഐസൊലേഷൻ കേന്ദ്രങ്ങളാണ്. എളേരിത്തട്ട് ഗവ. കോളജിലെ ഹോസ്റ്റലുകൾ ഡി.വൈ.എഫ്.ഐ എളേരി ബ്ലോക്കിലെ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇന്നലെ രാവിലെ മുതൽ ശുചീകരിച്ചാണ് ഐസൊലേഷൻ വാർഡുകളാക്കി മാറ്റിയത്.
മാതൃകയായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ
കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മാതൃകയായി കാസർകോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ. യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്ന ഐസൊലോഷൻ സെന്ററുകൾ ശുചിയാക്കുന്നതിനും, നിരീക്ഷണത്തിലുള്ളവർക്ക് വേണ്ടുന്ന സഹായം എത്തിക്കുന്നതിലും മത്സരബുദ്ധയോടെയാണ് പ്രവർത്തകർ അണിനിരക്കുന്നത്. മലയോര പഞ്ചായത്തുകളിൽ സ്കൂളുകളിലും കോളേജുകളിലും തയ്യാറായി വരുന്ന ഐസൊലോഷൻ വാർഡുകൾ തൂത്തുവാരി വെടിപ്പാക്കിയതും യുവാക്കൾ തന്നെയാണ്.