കാസർകോട്: കൊറോണ വ്യാപനത്തെ തുടർന്ന് കാസർകോട് ജില്ലയിലെ സ്ഥിതിഗതികൾ നേരിടാൻ 1500 പൊലീസുകാരെ വിന്യസിച്ചു. രണ്ട് കമ്പനി പൊലീസുകാർ ഇന്ന് രാവിലെ തന്നെ കർമ്മനിരതരായി. സർക്കാർ നിർദേശപ്രകാരം അഞ്ച് ഉന്നത പൊലീസ് മേധാവികൾ കാസർകോട്ടെത്തി. ഐ.ജി അശോക് യാദവിന്റെ മേൽനോട്ടത്തിൽ ഇവർ കാര്യങ്ങൾ നിർവഹിക്കും. ഐ.ജി കാസർകോട് തന്നെ ക്യാമ്പ് ചെയ്യുന്നുണ്ട് .
കാസർകോട് ജില്ലയിൽ കൊറോണ വ്യാപനം തടയാൻ സംസ്ഥാന സർക്കാർ സ്വീകരിച്ച കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ജില്ലയിൽ 1500 പൊലീസിനെ വിന്യസിപ്പിക്കുന്നതെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. വടക്കൻ മേഖലാ ഐ.ജി അശോക്‌യാദവ്, എറണാകുളം സിറ്റി പൊലീസ് കമ്മിഷണർ വിജയ സാഖറെ, ഉത്തരമേഖല ഡി.ഐ.ജി സേതുരാമൻ, കോട്ടയം കൈംബ്രാഞ്ച് എസ്.പി സാബുമാത്യു, ടെലികമ്യൂണിക്കേഷൻ എസ്.പി ഡി. ശിൽപ എന്നിവരാണ് കാസർകോട്ട് എത്തിയത്. പിന്നീട് വിവിധ ഭാഗങ്ങളിൽ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ഇവരുടെ നേതൃത്വത്തിൽ പൊലീസ് രംഗത്തിറങ്ങി.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്‌റ്റ് ചെയ്യാൻ 10 വാഹനങ്ങളിൽ 50 പൊലീസുകാരെ നിയോഗിക്കും. പുറത്തിറങ്ങുന്നവരുടെ ആവശ്യം ചോദിച്ച് വ്യക്തമാക്കിയാലേ പോകാൻ അനുവദിക്കൂ. പൊലീസിനെ ധിക്കരിച്ച് ഇറങ്ങി നടക്കുന്നവരെ കൈകാര്യം ചെയ്യും. പകൽ 11 മുതൽ വൈകിട്ട് അഞ്ച് വരെ തുറക്കുന്ന കടകൾക്ക് മുന്നിൽ സാധനങ്ങൾ വാങ്ങാൻ വരുന്നവരെ കൂട്ടംകൂടി നിൽക്കാൻ അനുവദിക്കില്ല. വിദേശരാജ്യങ്ങളിൽ നിന്ന് കഴിഞ്ഞ മാർച്ച് ഒന്നുമുതൽ കാസർകോട് ജില്ലയിലെത്തിയവരുടെ പേരുവിരം ജില്ലാ പൊലീസ് ശേഖരിച്ചു.
നാലായിരത്തോളം പേരാണ് മംഗളൂരു, കണ്ണൂർ, കരിപ്പൂർ, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയെത്തിയത്. ഇവരുടെ വീടുകളിൽ അതാത് സ്‌റ്റേഷനുകളിലെ പൊലീസ് ഉദ്യോഗസ്ഥരെത്തി കാര്യങ്ങൾ അന്വേഷിച്ച് നിരീക്ഷിക്കും. നിരീക്ഷണ കാലയവളവ് പാലിക്കാതെ പുറത്തിറങ്ങുവർക്കെതിരെ നടപടിയുണ്ടാകും. ഉത്തരമേഖലാ ഡി.ഐ.ജി സേതുരാമന്റെ നേതൃത്വത്തിൽ നടന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതിനായുള്ള തീരുമാനമെടുത്തത്.