മാഹി: കൊറോണ ലക്ഷണവുമായി ഒരു യുവതിയെ കൂടി ഇന്നലെ രാത്രി മാഹി ഗവ: ജനറൽ ആശുപത്രി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ചൂടിക്കോട്ടയിൽ വാടകയ്ക്ക് താമസിക്കുന്നവരാണിവർ. കോറോണ വൈറസ് ബാധയുടെ വ്യാപനം തടയാൻ ഇന്നു മുതൽ 31 വരെ മാഹി ഉൾപ്പെടെ പുതുച്ചേരി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. അതിർത്തികളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ നിലവിൽ ഏർപ്പെടുത്തിയിരിക്കുുന്ന നിരോധനാജ്ഞ തുടരാനും അതിർത്തികൾ അടച്ചിടാനും കർശന പരിശോധന നടത്താനും പുതുച്ചേരി സർക്കാർ തീരുമാനിച്ചു. ഇന്നു മുതൽ അന്യ സംസ്ഥാന വാഹനങ്ങൾക്ക് പ്രവേശനം അനുവദിക്കില്ല.
മാഹിയിലെ അതിർത്തികളിൽ എട്ടോളം ചെക്ക് പോസ്റ്റ് സ്ഥാപിച്ചു. അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെ മാത്രമേ കടത്തിവിടുകയുള്ളു. പുതുച്ചേരി സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കാനും ആരോഗ്യ മേഖലയേയും അഡ്മിനിസ്‌ട്രേഷനെയും ഏകോപിപ്പിക്കുന്നതിനും സ്‌പെഷ്യൽ ഓഫിസർ ആയി ഡോ.എസ്.മണികദീപിനെയും സുരക്ഷാ സംവിധാനം ശക്തമാക്കാൻ
പൊലീസ് സുപ്രണ്ട് രാജശേഖർ വെള്ളാട്ടിനെയും നിയമിച്ചു.