corona-

കണ്ണൂർ: ജില്ലയിൽ തിങ്കളാഴ്ച അഞ്ചുപേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 16 ആയി. തൊട്ടടുത്ത ജില്ലകളായ കാസർകോടും കണ്ണൂരും രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ. ഇന്നലെ രോഗം സ്ഥിരീകരിച്ച 5 പേരും എമിറേറ്റ്സ് എയർലൈൻസിന്റെ വിമാനത്തിൽ ദുബായിൽ നിന്ന് കൊച്ചി വിമാനത്താവളത്തിൽ എത്തിയവരാണ്. അഞ്ച് പേരെയും നെടുമ്പാശേരി വിമാനത്താവളത്തിൽ സ്‌ക്രീനിംഗിന് വിധേയമാക്കിയിരുന്നു. ഇതിൽ കൂത്തുപറമ്പ് സ്വദേശിയായ ഒരാളെ രോഗലക്ഷണത്തെ തുടർന്ന് കളമശ്ശേരി ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പാനൂർ സ്വദേശികളായ മറ്റ് 4 പേരെയും വെവ്വേറെ ആംബുലൻസുകളിൽ വീടുകളിലെത്തിച്ച് ഹോം ഐസൊലേഷനിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

വീടുകളിൽ നിരീക്ഷണത്തിലായിരുന്ന നാലു പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേവിമാനത്തിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള 28 യാത്രക്കാരാണ് ഉണ്ടായിരുന്നത്. മറ്റുള്ളവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗിക്കുകയാണ്.


തുടർഫലങ്ങൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാൾ നേരത്തേ ആശുപത്രി വിട്ടിരുന്നു. 16 പേരിൽ 15 പേർ ദുബായിൽ നിന്നും ഒരാൾ ഷാർജയിൽ നിന്നുമാണ് നാട്ടിലെത്തിയത്. സർക്കാർതലത്തിലുള്ള സൗകര്യങ്ങൾ പോരാതെ വരുമ്പോൾ സ്വകാര്യ ആശുപത്രികൾ വാഗ്ദാനം ചെയ്ത സൗകര്യവും ഉപയോഗപ്പെടുത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അവശ്യ വസ്തുക്കളുടെ ലഭ്യത പൊതു വിപണിയിൽ ഉറപ്പുവരുത്തുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.