കാഞ്ഞങ്ങാട്: 108 ആംബുലൻസുകളെ കൂട്ടത്തോടെ കൊറോണ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചു. ഏറ്റവുമധികം കേസുകൾ റിപ്പോർട്ട് ചെയ്ത കാസർകോട് ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ആകെയുള്ള 14 ആംബുലൻസുകളെ രണ്ടായി തിരിച്ച് കാഞ്ഞങ്ങാട്, കാസർകോട് മേഖലകളിലേക്കായി ചുമതലപ്പെടുത്തിയത്. കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് ഓടേണ്ട ഏഴ് ആംബുലൻസുകളിലെ ഡ്രൈവർമാർക്ക് ഗസ്റ്റ്ഹൗസിലും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻസ് എന്ന ചുമതലയിലുള്ള യുവതികളെ നഴ്സിംഗ് സ്കൂളിലുമാണ് താമസിപ്പിക്കുന്നത്. അതേസമയം, വീടുകളിൽ പോകാനാകാത്ത ഇവർക്കായി ഭക്ഷണം നൽകുന്ന കാര്യത്തിൽ തീരുമാനം എടുക്കാത്തത് പ്രതിസന്ധിയായിട്ടുണ്ട്. ഹോട്ടലുകളൊന്നും പ്രവർത്തിക്കാത്തതോടെ സന്നദ്ധ സംഘടനകൾ തരുന്ന ഭക്ഷണത്തിൽ മാത്രമാണ് ഇവരുടെ പ്രതീക്ഷ.
ടെക്നീഷ്യൻസിന് 22000 രൂപ ശമ്പളത്തിൽ നിന്നും വിവിധ പിടിത്തം കഴിഞ്ഞ് 18000 വും ഡ്രൈവർമാർക്ക്
19000ത്തിൽ 16000 വും ലഭിക്കേണ്ടതാണ്. അത് രണ്ട് മാസമായി തടഞ്ഞുവച്ചതോടെ പ്രതിസന്ധി രൂക്ഷമായിട്ടുണ്ട്.
അതേസമയം ജില്ലാ ആശുപത്രിയിലെ ജീവനക്കാരെയും നഴ്സിംഗ് സ്കൂളിൽ തന്നെ താമസിപ്പിക്കാനാണ് നീക്കം. രോഗ വ്യാപനം തടയാൻ വീട്ടിൽ പോകാതെ ആശുപത്രി പരിസരത്ത് തന്നെ തങ്ങണമെന്നാണ് നിർദ്ദേശം. ഇവിടെ വെള്ളമോ വെളിച്ചമോ ഇല്ല. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ കടയില്ലെങ്കിലും ഭക്ഷണം ഇവർ തന്നെ സംഘടിപ്പിക്കണം. ജില്ലാ ആശുപത്രിയിൽ ആവശ്യത്തിന് മാസ്ക് പോലുമില്ലാത്ത അവസ്ഥയാണെന്ന് അറിയുന്നു.