കൂത്തുപറമ്പ്: മേഖലയിൽ ഒരാൾക്ക് കൂടി കൊറോണ സ്ഥിരികരിച്ചതോടെ അധികൃതർ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി. പ്രത്യേക മോണിറ്ററിങ്ങ് സമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.കഴിഞ്ഞ ദിവസം ഗൾഫിൽ നിന്നും എത്തിയ ഒരാൾക്ക് കൂടിയാണ് കൊറോണ സ്ഥിരീകരിച്ചത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ആംബുലൻസിൽ വീട്ടിലെത്തിയ യുവാവിനെ വിദഗ്ധ പരിശോധനക്കു വേണ്ടി തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബിൽ നടത്തിയ പരിശോധനയിലാണ് പോസിറ്റീവ് ഫലം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനെ തുടർന്ന് യുവാവിന്റെ കുടുംബാംഗങ്ങളെയും നിരീക്ഷണത്തിലാക്കിയിരിക്കയാണ്.

അടുത്ത ദിവസങ്ങളിലായി നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിരിക്കയാണ് ആരോഗ്യ വകുപ്പ് അധികൃതർ. വാർഡ് തലത്തിൽ മോണിറ്ററിങ്ങ് സമിതികൾക്ക് രൂപം നൽകിയിട്ടുണ്ട്. കൗൺസിലർമാരുടെ നേതൃത്വത്തിൽ ആരോഗ്യ വിദഗ്ധർ വീടുകളിലെത്തിയാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. സംസ്ഥാന വ്യാപകമായി നടക്കുന്ന ലോക് ഡൗണിനെ തുടർന്ന് കൂത്തുപറമ്പ് മേഖല നിശ്ച്ചലമായി. ബസ്സുകൾ ഉൾപ്പെടെയുള്ള പൊതുവാഹനങൾ റോഡിൽ നിന്നും വിട്ടു നിന്നപ്പോൾ ചുരുക്കം സ്വകാര്യ വാഹനങ്ങൾ മാത്രമെ പുറത്തിറക്കിയുള്ളു. അവശ്യസാധനങ്ങൾ വിൽക്കുന്ന ചുരുക്കംകടകളും മെഡിക്കൽ ഷോപ്പുകളും മാത്രമെ തുറന്നിരുള്ളു.