കാസർകോട്:കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ധിക്കാരം കാണിക്കുകയും വിലക്ക് ലംഘിക്കുകയും ചെയ്ത പ്രവാസികളായ രണ്ടു കൊറോണ ബാധിതർ ഇനി ഗൾഫ് കാണില്ല. ഇവരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ ജില്ലാ കളക്ടർ ഡോ. സജിത് ബാബു ഉത്തരവിട്ടു. നിയന്ത്രണങ്ങൾ ലംഘിച്ചാൽ നടപടി കർശനമായി തുടരും.
കാസർകോട് ഏരിയാൽ സ്വദേശികളായ ഇവർ കൊറോണ സ്ഥിരീകരിച്ചതിന് ശേഷവും അതിന് മുമ്പും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും നിർദേശങ്ങൾ തള്ളുകയും ഐസൊലേഷൻ വാർഡിലും ധിക്കാരം തുടരുകയും ചെയ്‌തത് കേരളകൗമുദി റിപ്പോർട്ട് ചെയ്‌തിരുന്നു.
വീടുകളിൽ കർശന നിരീക്ഷണം നിർദ്ദേശിച്ചിട്ടും അനുസരിക്കാതെ ഇരുവരും ബന്ധുവീടുകളിൽ കറങ്ങിയതിന്റെ ദുരിതമാണ് മലബാർ ജില്ലകളിൽ അനുഭവിക്കുന്നത് . പൊലീസ് കേസെടുത്തിട്ടും നിരീക്ഷണത്തിനിടെ ചാടിപ്പോയതാണ് ഏരിയാൽ സ്വദേശിയുടെ ഉറ്റ ചങ്ങാതി. ഐസൊലേഷൻ വാർഡിൽ വി .ഐ .പി കളിച്ച ഗൾഫ് കച്ചവടക്കാരന്റെ കൂടെ എട്ട് ദിവസവും ഇയാളും ചുറ്റിയടിച്ചു. അതിനുള്ള ശിക്ഷയാണ് സർക്കാർ നിർദ്ദേശ പ്രകാരം ജില്ലാ ഭരണകൂടം നൽകുന്നത് .
# ഒന്നിലധികം പാസ് പോർട്ടുണ്ടോയെന്ന് പരിശോധിക്കും
വിദേശത്ത് നിന്ന് പലവിധ സാധനങ്ങൾ കടത്തുന്ന 'ബിസിനസ്' ചെയ്യുന്നവർക്ക് ഒന്നിലധികം പാസ്‌പോർട്ടുകൾ ഉണ്ടെങ്കിൽ ക്രിമിനൽ നടപടി കൈക്കൊള്ളുമെന്നും ജില്ലാകളക്ടർ പറഞ്ഞു. നിയമം ലംഘിച്ച് സാധനങ്ങൾ കടത്തുന്നയാളാണെന്ന സംശയത്തിൽ കൊറോണ ബാധിതനായ ഏരിയാൽ സ്വദേശിക്കെതിരെ കസ്റ്റംസ് അടക്കം അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
രോഗത്തിന്റെ ഗൗരവം ഉൾക്കൊണ്ട 99.9 ശതമാനം ആളുകളും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നവരാണ്. എന്നാൽ 0 .1 ശതമാനമാണ് സർക്കാർ പറയുന്നത് അനുസരിക്കാത്തത്. അവരെ അങ്ങനെ തന്ന കൈകാര്യം ചെയ്യേണ്ടി വന്നു. നിരോധനാജ്ഞയ്ക്കിടെ നിയമം ലംഘിച്ചാൽ തൽസമയം നടപടിയെടുക്കും. അഭ്യർത്ഥന ഇനി ഉണ്ടാകില്ല
- ജില്ലാ കളക്ടർ ഡോ. ഡി .സജിത് ബാബു