തലശ്ശേരി: ആയിരം പേരെ നിരീക്ഷണത്തിൽ കിടത്താനുള്ള കൊറോണ കെയർ സെന്ററുകൾ തലശേരിയിൽ സജ്ജമാക്കുന്നതായി എ.എൻ ഷംസീർ എം.എൽ.എയും സബ് കളക്ടർ ആസിഫ് കെ. യൂസഫും പറഞ്ഞു. എൻജനിയറിംഗ് കോളേജ് വിമൻസ് ഹോസ്റ്റൽ, നഴ്സിംഗ് കോളേജ് ഹോസ്റ്റൽ, മൗവ്വൻസ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ കെയർ സെന്ററുകൾ ആരംഭിക്കുന്നത്. മെഡിക്കൽ ക്രൈസിസ് മാനേജ്‌മെന്റ് ടീമിന്റെ അവലോകനയോഗത്തിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇരുവരും.
മാങ്ങാട്ടുപറമ്പ് അമ്മയും കുഞ്ഞും ആശുപത്രിയും പരിയാരം മെഡിക്കൽ കോളേജും കൊറോണ ബാധിതരുടെ ചികിത്സക്ക് പ്രത്യേക സംവിധാനം ഏർപ്പെടുത്തിയ സാഹചര്യത്തിൽ തലശേരി ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ സംവിധാനം മാത്രമേയുണ്ടാവൂ. പോസിറ്റിവാകുന്നവരെ പരിയാരത്തേക്കോ മാങ്ങാട്ടുപറമ്പിലേക്കോ മാറ്റും. ജനറൽ ആശുപത്രിയിലെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ താമസത്തിനായി ടൗണിലെ വിവിധ ലോഡ്ജുകൾ ഏറ്റെടുക്കും.
കെയർ ആൻഡ് ക്യൂറും ഡി.വൈ.എഫ്.ഐയും ഇവർക്ക് ഭക്ഷണമൊരുക്കും. ജനറൽ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കും കൊറോണ ബാധിതർക്കും രോഗികൾക്കും രാവിലെയും രാത്രിയുമുള്ള ഭക്ഷണം കെയർ ആൻഡ് ക്യൂർ ഫൗണ്ടേഷൻ നൽകും. ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും ജനങ്ങൾ ഒരുവിധത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സബ് കലക്ടർ പറഞ്ഞു.
കൊറോണ രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ തലശ്ശേരിയിൽ രൂപീകരിച്ച മെഡിക്കൽ ക്രൈസിസ് മാനേജ്‌മെന്റ് ടീം വിപുലീകരിച്ചു. ദിവസവും രാവിലെ 9ന് സബ്കളക്ടുടെ ചേമ്പറിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും. പ്രവർത്തനങ്ങളിൽ സ്വയം സന്നദ്ധതയോടെ മുന്നോട്ട് വരുന്ന ആയുഷ്, ഹോമിയോ, ദന്തൽ വിഭാഗത്തിലെ ഡോക്ടർമാരെയും പാരാമെഡിക്കൽ സ്റ്റാഫിനെയും കരുതൽ സേനയായി സൂക്ഷിക്കും. സന്നദ്ധസേവനത്തിന് ഇപ്പോൾ തന്നെ കൺട്രോൾ റൂമിൽ പേര് നൽകാം. ഫോൺ: 0490–2343500.