നീലേശ്വരം: കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നഗരസഭയിൽ ആരോഗ്യ പ്രവർത്തകർ പൊലീസ്, നഗരസഭ അധികൃതർ എന്നിവർ ഇറങ്ങി നഗരം ശുചീകരിച്ചു. ബിവറേജസ് ഔട്ട്ലെറ്റിന് മുന്നിലും മാവേലി സ്റ്റോറുകളിലും ഇന്നലെ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ല. ആജ്ഞ ലംഘിച്ച് ഓടുകയായിരുന്ന മൂന്ന് ഓട്ടോറിക്ഷകൾ നീലേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. അതുപോലെ ജില്ലാ അധികാരികളുടെ ആജ്ഞ ലംഘിച്ച് നീലേശ്വരത്ത് തുറന്ന രണ്ടു കടകൾ എ.ഡി.എം. എൻ. ദേവീദാസിന്റെ നേതൃത്വത്തിലുള്ള സംഘം ഷോപ്പ് അടപ്പിച്ച് സീൽചെയ്തു. അത്യാവശ്യം സ്വകാര്യ വാഹനങ്ങൾ മാത്രമെ ഇന്നലെ ഓടിയുള്ളു. നഗരം പൊതുവെ വിജനമായിരുന്നു.