കണ്ണൂർ :ജില്ലയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി കലക്ടറേറ്റിൽ സംയോജിത കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. ജില്ലാ മെഡിക്കൽ ഓഫീസ്, പൊലീസ്, റവന്യൂ, മോട്ടോർ വാഹനം, പൊതുവിതരണം, വിവര പൊതുജന സമ്പർക്കം എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ കൺട്രോൾ റൂം ഒരുക്കിയിരിക്കുന്നത്. കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ സേവനങ്ങൾ, ആംബുലൻസ് സംവിധാനങ്ങൾ, കൗൺസലിംഗ് സൗകര്യങ്ങൾ, സംശയ ദൂരീകരണം തുടങ്ങിയ ഏത് സേവനങ്ങൾക്കും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുമായി ബന്ധപ്പെടാം.
കൊറോണ ബാധയുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിൽ നിന്ന് ലഭിക്കുന്ന സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടർ ടി വി സുഭാഷിന്റെ നിർദ്ദേശപ്രകാരം പുതിയ കൺട്രോൾ റൂം ഒരുക്കിയിരിക്കുന്നത്. ഏത് വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങളെ കുറിച്ചും വിവരങ്ങൾ തത്സസമയം നൽകാൻ ഇതുവഴി സാധിക്കുമെന്ന് നോഡൽ ഓഫീസർ ആൻഡ്രൂസ് വർഗ്ഗീസ് പറഞ്ഞു. സബ്കളക്ടർ ആസിഫ് കെ യൂസഫ്, അസിസ്റ്റന്റ് കലക്ടർ ഡോ. ഹാരിസ് റഷീദ് എന്നിവരാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കൺട്രോൾ റൂം നമ്പർ 0497 2700194, 0497 2713437
പൂഴ്ത്തിവെയ്പും അമിത വിലയും തടയാൻ ജില്ലാ ഭരണകൂടം
കണ്ണൂർ: ജില്ലയിൽ ലോക്ക് ഡൌൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ കർശന നടപടികൾ. കൃത്രിമ വിലക്കയറ്റവും പൂഴ്ത്തിവെയ്പ്പും തടയാനും ആവശ്യമായ നടപടികൾക്കും ജില്ലാ ഭരണകൂടം നിർദേശം നൽകി. സാധനങ്ങൾക്ക് അമിത വില ഈടാക്കുന്ന കച്ചവടക്കാരുടെ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ജില്ലയിൽ പലയിടങ്ങളിലും ബേക്കറികൾ, പലചരക്ക് കടകൾ എന്നിവ അടയ്ക്കുന്നുവെന്നും അമിത വില ഈടാക്കുന്നുവെന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ എ.ഡി.എം ഇ പി മേഴ്സിയുടെ നേതൃത്വത്തിൽ ചേർന്ന വ്യാപാരികളുടെ യോഗത്തിലാണ് തീരുമാനം.
ചെറുകിട വ്യാപാരികൾ മൊത്തക്കച്ചവടക്കാരിൽ നിന്നും പ്രത്യേകമായി സാധനങ്ങൾ വാങ്ങാതെ ഒരു പ്രദേശത്തെ കടകളിലേക്ക് വലിയ വാഹനങ്ങളിൽ ഒരുമിച്ച് സാധനങ്ങൾ എത്തിക്കുന്ന രീതി നടപ്പാക്കാവുന്നതാണെന്ന് യോഗം നിർദേശിച്ചു. ഇത് കടകളിൽ ആളുകൾ കൂടുന്നത് ഒഴിവാക്കാൻ സഹായിക്കും. പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, പാൽ, മരുന്നുകൾ തുടങ്ങി ജനങ്ങൾക്ക് അത്യാവശ്യമുള്ള സാധനങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ നിശ്ചിത സമയ ക്രമം പാലിച്ചു തുറക്കണമെന്നും എഡിഎം അറിയിച്ചു. ആവശ്യക്കാർക്ക് സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. കച്ചവടക്കാർ കടകളുടെ മുൻപിൽ നമ്പറുകൾ പ്രദർശിപ്പിക്കേണ്ടതാണെന്നും യോഗത്തിൽ നിർദേശിച്ചു.
കണ്ണൂരിൽ വീടുകൾ നിരീക്ഷണത്തിൽ കഴിയുന്നവർ 7146
കണ്ണൂർ: കൊറോണ ബാധ സംശയിച്ച് ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7146 ആയി. 70 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 33 പേരും തലശ്ശേരി ജനറൽ ആശുപത്രിയിൽ 14 പേരും ജില്ലാ ആശുപത്രിയിൽ 23 പേരുമാണുള്ളത്. ഇതുവരെ ജില്ലയിൽ നിന്ന് 214 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 154 എണ്ണത്തിന്റെ ഫലം വന്നു.
ഇതിൽ അഞ്ച് എണ്ണം പോസിറ്റീവും ബാക്കി നെഗറ്റീവുമാണ്. 60 എണ്ണത്തിൽ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ ജില്ലക്കാരായ 16 പേർക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചത്. ഇവയിൽ അഞ്ചു പേരുടെ സാമ്പിളുകൾ കണ്ണൂർ ജില്ലയിലെ വിവിധ ആശുപത്രികളിൽ നിന്നും ഒൻപതെണ്ണം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നുമാണ് പരിശോധനയ്ക്കയച്ചത്. ബാംഗ്ലൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ്, കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഓരോ സാമ്പിളുകൾ പരിശോധിച്ചു. പരിശോധനാ ഫലം പോസിറ്റീവായ 16ൽ 15 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിൽസയിലാണ്. തുടർഫലങ്ങൾ നെഗറ്റീവാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഒരാൾ നേരത്തേ ആശുപത്രി വിട്ടിരുന്നു.
മത്സ്യവും പച്ചക്കറിയും ഇനി വീട്ടിലെത്തും;
ഹോം ഡെലിവറിയുമായി അക്വാഗ്രീൻ ഷോപ്പ്
കണ്ണൂർ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ആവശ്യക്കാർക്ക് പച്ചക്കറിയും മത്സ്യവും വീടുകളിലെത്തിക്കാൻ ഹോം ഡെലിവറി സൗകര്യവുമായി ജില്ലാ പഞ്ചായത്തിന്റെ അക്വാ ഗ്രീൻ ഷോപ്പ്. കണ്ണൂരിലും പരിസര പ്രദേശങ്ങളിലുമുള്ള വീടുകളിലാണ് സാധനങ്ങൾ നേരിട്ടെത്തിക്കുക. പ്രാദേശികമായി ജൈവ രീതിയിൽ കൃഷി ചെയ്യുന്ന പച്ചക്കറികളാണ് ഷോപ്പിലുള്ളത്. ഇവകൂടാതെ ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പലചരക്ക് സാധനങ്ങളും വീട്ടിലെത്തിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത്, ഫിഷറീസ് വകുപ്പ്, മത്സ്യത്തൊഴിലാളി സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കഴിഞ്ഞ മൂന്ന് വർഷമായി ജില്ലാ പഞ്ചായത്ത് കെട്ടിടത്തിലും കുറുവ സ്‌കൂളിന് സമീപത്തുമാണ് അക്വാ ഗ്രീൻ മാർട്ട് പ്രവർത്തിക്കുന്നത്. ജില്ലയിലെ ആറു ജയിലുകൾ, ആശുപത്രി കാന്റീനുകൾ, വൃദ്ധ സദനങ്ങൾ, കുടുംബശ്രീ ഹോട്ടലുകൾ, കോളേജ് ഹോസ്റ്റലുകൾ, തുടങ്ങിയവയ്ക്കായി മത്സ്യം, പച്ചക്കറി, പലചരക്കു സാധനങ്ങൾ എന്നിവ ഇവിടെ നിന്നാണ് എത്തിച്ചുനൽകുന്നത്. ആവശ്യക്കാർക്ക് 6282777896 (അവിനാശ്), 7356386157 (സുനിത) എന്നീ നമ്പരുകളിലേക്ക് വിളിച്ച് ഓർഡർ നൽകിയാൽ സാധനങ്ങൾ വീട്ടിലെത്തിച്ച് നൽകും.
ജില്ലാ കളക്ടർ ടി വി സുഭാഷ് ആദ്യ ഹോം ഡെലിവറിയുടെ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ്, വൈസ് പ്രസിഡന്റ് പി. പി. ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ. പി. ജയബാലൻ, കെ ശോഭ, ജില്ലാ പഞ്ചായത്ത് അംഗം അജിത് മാട്ടൂൽ, സെക്രട്ടറി വി. ചന്ദ്രൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ .കെ. പത്മനാഭൻ തുടങ്ങിയവർ പങ്കെടുത്തു.
പോസ്റ്റോഫീസുകൾ ഭാഗികമായി പ്രവർത്തിക്കും
കണ്ണൂർ: കോവിഡ് 19 മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ കണ്ണൂർ പോസ്റ്റൽ ഡിവിഷനു കീഴിലെ കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസ്, തളിപ്പറമ്പ് ഹെഡ് പോസ്റ്റ് ഓഫീസ് പയ്യന്നൂർ ഹെഡ് പോസ്റ്റ് ഓഫീസ് എന്നിവ മാർച്ച് 24 മുതൽ 31 വരെ രാവിലെ 10 മുതൽ മൂന്ന് മണി വരെ പ്രവർത്തിക്കും. ബ്രാഞ്ച് പോസ്റ്റ് ഓഫീസുകൾ അടക്കമുള്ള മറ്റെല്ലാ ഓഫീസുകളുടെയും പ്രവർത്തനം മാർച്ച് 31 വരെ നിർത്തിവെച്ചുവെന്നും തപാൽ വകുപ്പ് അറിയിച്ചു.