പയ്യന്നൂർ: കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശം ലംഘിച്ചതിന് നാല് വ്യാപാരിികൾക്കെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. കണ്ടോത്ത് കോത്തായിമുക്കിൽ റോഡരികിൽ പച്ചക്കറി കച്ചവടം നടത്തുന്ന തൃക്കരിപ്പൂരിലെ രാമകൃഷ്ണൻ (60), പെരുമ്പ ബൈപാസിലെ ചിക്കൻ സ്റ്റാൾ ഉടമ വി.കെ.സുനിൽ (45), പയ്യന്നൂർ ഗവ. ആശുപത്രിക്ക് സമീപത്തെ സ്റ്റേഷനറി കട ഉടമ കുഞ്ഞിക്കണ്ണൻ (62), രാമന്തളി വടക്കുമ്പാട്ടെ ഖാലിദ് സ്റ്റോർ ഉടമ ഖാലിദ് (52) എന്നിവർക്കെതിരെയാണ് കേസെടുത്തത്.
രാവിലെ ഏഴിനു മുമ്പും വൈകിട്ട് അഞ്ചിന് ശേഷവും കടകൾ തുറന്നു പ്രവർത്തിക്കരുതെന്ന നിർദ്ദേശം ലംഘിച്ചതിനാണ് ഇവരെ പിടികൂടിയത്. വരും ദിവസങ്ങളിൽ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്നും അനാവശ്യമായി വാഹനങ്ങളിലും മറ്റും കറങ്ങി നടക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്നും എസ്‌ഐ ശ്രീജിത്ത് കൊടേരി പറഞ്ഞു.