കണ്ണൂർ:കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് ജില്ലാ കളക്ടർ ടി. വി .സുഭാഷ് ഏറ്റെടുത്തു. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരമാണ് പ്രത്യേക കൊറോണ ആശുപത്രിയായി മെഡിക്കൽ കോളേജിനെ ഏറ്റെടുത്തത്. ജില്ലയിലും സമീപ ജില്ലകളിലും കൊറോണ ബാധിതരുടെയും വൈറസ് ബാധ സംശയിക്കുന്നവരുടെയും എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായ സാഹചര്യത്തിലാണ് ഏറ്റെടുക്കുന്നതെന്ന് ജില്ലാ കളക്ടർ ഉത്തരവിൽ വ്യക്തമാക്കി.

ഇത്തരമൊരു സാഹചര്യത്തിൽ നിലവിലെ സർക്കാർ ആശുപത്രി സൗകര്യങ്ങൾ അപര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. ജീവനക്കാർ, സൗകര്യങ്ങൾ എന്നിവ ഉൾപ്പെടെയാണ് ആശുപത്രി ഏറ്റെടുത്തത്. മെഡിക്കൽ കോളേജിന്റെ നിയന്ത്രണം ഉടൻ ഏറ്റെടുത്ത് പ്രത്യേക കോവിഡ് ആശുപത്രിയാക്കി മാറ്റുന്നതിനുള്ള ക്രമീകരണങ്ങൾ വരുത്താൻ ജില്ലാ മെഡിക്കൽ ഓഫീസറെ ജില്ലാ കളക്ടർ ചുമതലപ്പെടുത്തി.