കാസർകോട്: മംഗളൂരുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാല് കാസർകോട് സ്വദേശികൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ജില്ലയിൽ കൊറോണ ബാധിതരുടെ എണ്ണം 49 ആയി. മംഗളൂരുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന നാലുപേരും കാസർകോട് സ്വദേശികൾ ആണെന്ന് ഇന്നലെ രാത്രിയാണ് മംഗളൂരു ഡെപ്യൂട്ടി കമ്മിഷണർ അറിയിച്ചത്. ജില്ലയിൽ ഇന്നലെ ആറു പേരുടെ രോഗം സ്ഥിരീകരിച്ചിരുന്നു. മംഗളൂരുവിൽ കൊറോണ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചതിനെ മൂന്ന് പേരെ മംഗളൂരു വെൻലോക് ആശുപത്രിയിലും ഒരാളെ കെ.എം.സി ആശുപത്രിയിലും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.
മാർച്ച് 19 ന് രാവിലെ അഞ്ചു മണിക്ക് എയർ ഇന്ത്യ എക്സ് പ്രസ് വിമാനത്തിൽ എത്തിയവർക്കും 20 ന് വൈകുന്നേരം 5.30 നുള്ള സ്‌പൈസ് ജെറ്റ് എസ് ജി 60 വിമാനത്തിലും ദുബായിൽ നിന്നെത്തിയവർക്കാണ് രോഗം സ്ഥിരീകരിച്ചത്. 23, 29 വയസ്സുള്ള ചന്ദ്രഗിരി സ്വദേശികൾക്കും 60, 26 വയസ്സുള്ള പുളിക്കൂർ സ്വദേശികൾക്കും 29 വയസ്സുള്ള പുല്ലൂർ സ്വദേശിക്കും 33 വയസ്സുള്ള കുഡ്‌ലു സ്വദേശിയ്ക്കുമാണ് ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇവരിൽ ഒരു സ്ത്രീയും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്. രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലാണ്.
അതിനിടെ വൈറസ് വ്യാപനത്തിന് കാരണക്കാരനെന്ന് ആരോപണ വിധേയനായ ഏരിയൽ സ്വദേശിയെ സംരക്ഷിക്കാൻ വീണ്ടും ആസൂത്രിത നീക്കം. ഇയാളുടെ പാസ്പോർട്ടുകൾ കണ്ടുകെട്ടാൻ ജില്ലാഭരണകൂടം നീക്കം തുടങ്ങിയതിനു തൊട്ടുപിന്നാലെയാണ് കൊറോണ ബാധിതനെ സംരക്ഷിക്കാനുള്ള ഗൂഢാലോചന നടക്കുന്നത്. ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള ചില വ്യാജ വോയിസ് ക്ലിപ്പുകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയാണ്. ഇന്നലെ രാത്രി മുതലാണ് ശബ്ദ സന്ദേശം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിപ്പിച്ചു തുടങ്ങിയത്. ദുബായിൽനിന്ന് നാട്ടിലെത്തിയ ഇയാൾ ബന്ധുവീടുകളിൽ പോയി, കല്യാണത്തിന് പോയി, തൊട്ടിൽ തൂക്കാൻ പോയി എന്നൊക്കെ പറഞ്ഞവരെ പരിഹസിക്കുന്ന തരത്തിലാണ് സന്ദേശം പരക്കുന്നത്. ഏരിയാൽ സ്വദേശിക്ക് കൊറോണ ഇല്ലെന്നും സാമ്പിൾ ടെസ്റ്റ് നെഗറ്റീവ് ആണെന്നും സന്ദേശത്തിൽ തറപ്പിച്ചു പറയുന്നു. ഈ ശബ്ദ സന്ദേശത്തിനെതിരെ സോഷ്യൽ മീഡിയകളിൽ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ശബ്ദ സന്ദേശം ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊതുപവർത്തകരും ആരോഗ്യവകുപ്പും.