കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ ധിക്കാരം കാണിക്കുകയും വിലക്ക് ലംഘിക്കുകയും ചെയ്ത രണ്ടു കൊറോണ ബാധിതരുടെ പാസ്‌പോർട്ട് കണ്ടുകെട്ടാൻ ജില്ലാ ഭരണകൂടം നടപടി തുടങ്ങി. ഇതിന്റെ മുന്നോടിയായി ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബു കാസർകോട് ജില്ലാ പൊലീസ് മേധാവി പി.എസ് സാബുവുമായി ചർച്ച നടത്തി. ധിക്കാരം കാണിച്ച പ്രവാസികൾക്കെതിരെ ക്രിമിനൽ കേസ് എടുക്കാനും പാസ്‌പോർട്ടുകൾ പിടിച്ചെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ മജിസ്ട്രേറ്റ് ആയ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് പാസ്പോർട്ടുകൾ പിടിച്ചെടുത്ത് സൂക്ഷിക്കുകയും ഇക്കാര്യം പാസ്പോർട്ട് ഓഫീസിൽ അറിയിക്കുന്നതോടൊപ്പം ഇന്ത്യൻ എംബസിക്ക് റിപ്പോർട്ട് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നത് സംബന്ധിച്ചാണ് കളക്ടറും എസ്.പിയും ചർച്ച നടത്തിയത്. അതേസമയം കാസർകോട്ടെ ഇത്തരം സംഘങ്ങൾക്കെല്ലാം നിരവധി പാസ്പോർട്ടുകൾ ഉണ്ടെന്നാണ് അധികൃതരുടെ നിഗമനം.