കാസർകോട്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നടക്കുന്ന സന്നദ്ധ പ്രവർത്തനം ജന ജാഗ്രതാ സമിതികളുടെ കീഴിൽ മാത്രമായിരിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. വാർഡ്തലത്തിലുള്ള ഇത്തരം സമിതികളുടെ കീഴിലല്ലാതെ സ്വന്തമായി സന്നദ്ധ പ്രവർത്തനവുമായി ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്ന് കളക്ടർ വ്യക്തമാക്കി. കളക്ടറേറ്റിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ വാർഡിലും സന്നദ്ധ പ്രവർത്തകരെ ആവശ്യമുണ്ട്. അവർക്ക് മത-ജാതി-രാഷ്ട്രീയ സംഘടനകളുടെ നിറമുണ്ടാകാൻ പാടില്ല. ആവശ്യമുള്ള സന്നദ്ധ പ്രവർത്തകരെ ജന ജാഗ്രതാ സമിതി തീരുമാനിക്കും. വിവിധ സഹായ പ്രവർത്തനങ്ങൾക്കായി ബൈക്കുള്ളവരെയും ആവശ്യമായി വരും. ഇവർക്കുള്ള പാസ് കളക്ടറേറ്റിൽ നിന്നും ലഭ്യമാക്കും. ഇതല്ലാതെ അനധികൃതമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നടക്കുന്നവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് നിർദേശം നല്‍കിയതായി കളക്ടർ കൂട്ടിച്ചേർത്തു.
സാമ്പിൾ പരിശോധനക്ക് പി.എച്ച്.സി നിർദേശിക്കണം
ജില്ലയിൽ കൊറോണ പരിശോധനയ്ക്ക് പി .എച്ച് .സികളിൽ നിന്നും റഫർ ചെയ്യുന്ന രോഗികളിൽ നിന്ന് മാത്രമേ ജില്ലാ ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും സാമ്പിൾ ശേഖരിക്കുകയുള്ളൂ. ചുമ, പനി, ജലദോഷം, തൊണ്ടവേദന എന്നീ രോഗലക്ഷണങ്ങൾ ഉള്ളവരെയായിരിക്കും പി.എച്ച്.സികളിൽ നിന്ന് റഫർ ചെയ്യുക. ആളുകൾ തങ്ങളുടെ പരിധിയിലുള്ള പി.എച്ച്.സി കളെ മാത്രം ആശ്രയിക്കണം. നഗരസഭാ പരിധിയിലുള്ളവർക്ക് ജില്ലാ ,ജനറൽ ആശുപത്രികളെ ആശ്രയിക്കാം.
ജനറൽ ആശുപത്രിയിൽ കൂടുതൽ സംവിധാനം
കാസർകോട് ജനറൽ ആശുപത്രിയിൽ കൂടുതൽ സംവിധാനങ്ങൾ ഒരുക്കാൻ നടപടിയായിട്ടുണ്ടെന്നും കളക്ടർ പറഞ്ഞു. കൊറോണ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഇവിടെ പുതിയ അഡീഷണൽ സൂപ്രണ്ട് ചുമതലയേറ്റിട്ടുണ്ട്. ജില്ലയിൽ അടിയന്തിരമായി ഏഴ് വെന്റിലേറ്ററുകളും ഒരു പോർട്ടബിൾ എക്സറെയും സ്ഥാപിക്കാനാവശ്യമായ നടപടികൾ പൂർത്തിയായി വരികയാണ്. നിയമ നിർവ്വഹണവുമായി ബന്ധപ്പെട്ട പ്രവൃത്തികൾ ഐ ജി വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ ആഹാര ലഭ്യത ഉറപ്പ് വരുത്തൽ, വില നിയന്ത്രണം, കൊറോണ സ്ഥിരീകരിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും ഫോളോ അപ്പ് തുടങ്ങിയ എന്നിവ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും കളക്ടർ അറിയിച്ചു.
തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നു: ഡി.എം.ഒ
കാസർകോട് :കൊറോണ പോസിറ്റീവ് കേസുകളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ തെറ്റായ സന്ദേശങ്ങൾ പ്രചരിക്കപ്പെടുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ജില്ലയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത് 45 പോസിറ്റീവ് കേസുകളിൽ ആദ്യം റിപ്പോർട്ട് ചെയ്ത ഒരാൾക്കു മാത്രമാണ് നിലവിൽ നെഗറ്റീവ് ആയി മാറിയിട്ടുള്ളത്. മൂന്ന് ടെസ്റ്റുകൾ നെഗറ്റീവ് ആയാൽ മാത്രമേ നെഗറ്റീവ് ആയി പരിഗണിക്കുകയുള്ളു. ഇങ്ങനെ നാലും നെഗറ്റീവ് ആയാൽ വീണ്ടും റൂം ക്വാറന്റൈൻ പാലിക്കണം. ഇതല്ലാതെ സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ പ്രചരണങ്ങൾ ജനങ്ങൾ അവഗണിക്കണം.
സമ്പർക്കത്തിൽ കൊറോണ പകർന്നത് നാല് പേർക്ക് മാത്രം
കാസർകോട്:ജില്ലയിൽ കൊറോണ സ്ഥിരീകരിച്ച 44 പേരിൽ രോഗികളുമായി സമ്പർക്കം മൂലം രോഗബാധിതരായത് നാലുപേർ മാത്രമെന്ന് ആരോഗ്യവകുപ്പധികൃതർ . മറ്റ് 40 പേരും വിദേശത്ത് നിന്നുമെത്തിയവരാണ്. ഇവർ നാലു പേരും വീടുകളിൽ നിരീക്ഷണത്തിലായിരുന്നതിനാൽ ഇവരിലൂടെ കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ സാദ്ധ്യതയില്ല.
രോഗം സ്ഥിരീകരിച്ചവരും സംശയിക്കുന്നവരും നിരീക്ഷണത്തിലാണ്. രോഗം ഭേദമായവർ നിർബന്ധമായും 28 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയണം. നിരീക്ഷണത്തിലുള്ളവർക്ക് 14 ദിവസത്തിനകം രോഗ ലക്ഷണങ്ങൾ കണ്ടാൽ അവരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ച് രോഗം സ്ഥിരീകരിക്കും. ഡി.എം.ഒ ഡോ. എ.വി രാംദാസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. മനോജ് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.