ചെറുപുഴ: കൊറോണ വ്യാപനം തടയുന്നതിനുവേണ്ടി പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലാ കളക്ടറും പൊലിസ് മേധാവിയും നൽകിയ നിർദ്ദേശങ്ങൾ ലംഘിച്ച് വാഹനങ്ങളുമായി പുറത്തിറങ്ങിയ നാലു പേരെ ചെറുപുഴ പൊലിസ് അറസ്റ്റ് ചെയ്തു. കാക്കയംചാൽ സ്വദേശി സോണി (41), ചുണ്ടയിലെ ജിതിൻ (23), പാടിയോട്ടുചാൽ വങ്ങാട്ടെ അരുൺ (25), കാരക്കോട് സ്വദേശി നദീർ (24) എന്നിവരാണ് അറസ്റ്റിലായത്.
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ വൈകീട്ട് 5ന് മുമ്പ് അടയ്ക്കുന്നതിനാൽ ഇതിനു ശേഷം നിരത്തിലിറങ്ങുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുന്നതാണെന്നും ചെറുപുഴ പൊലിസ് അറിയിച്ചു.