കാസർകോട്: സംസ്ഥാനത്ത് പൊതു​-സ്വകാര്യ മേഖലകളിൽ എവിടെയെങ്കിലും നിലവിൽ സമരം , ലോക്കൗട്ട് എന്നിവ നിലനിൽക്കുന്നുണ്ടെങ്കിൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അത് പിൻവലിക്കുന്നതിന് ലേബർ കമ്മീഷണർ പ്രണബ് ജ്യോതിനാഥ് സർക്കുലർ വഴി നിർദേശം നൽകി.

തൊഴിൽ മേഖലയിൽ സമാധാനവും സഹകരണവും ഉറപ്പുവരുത്തുവാൻ സാധാരണനില കൈവരിക്കേണ്ടതുണ്ട്. ഇതിനായി നടപടികൾ സ്വീകരിക്കണമെന്നും ലേബർ കമ്മിഷണർ നിർദേശിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ പൊതു / സ്വകാര്യ മേഖലയിലെയും നിർമ്മാണ മേഖല, തോട്ടം മേഖല, കശുവണ്ടി, മത്സ്യ സംസ്‌ക്കരണം, കയർ എന്നിവിടങ്ങളിലെയും സ്ഥാപനങ്ങളുടെ ഉടമകളും ഫാക്ടറി ഉടമകളും തൊഴിലാളികളും പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് പുറത്തിറക്കിയ 24 ലെ 11/2020 സർക്കുലറിൽ തൊഴിൽ തർക്കങ്ങൾ, സമരങ്ങൾ ഒഴിവാക്കണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ സർക്കുലർ.