തലശ്ശേരി: മലബാർ കാൻസർ സെന്ററിൽ കൊറോണ പരിശോധനയ്ക്കുള്ള വൈറോളജി ലാബ് പ്രവർത്തനം ആരംഭിച്ചു. എം.സി.സി ഡയറക്ടറുടെ അഭ്യർത്ഥനയെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് കൊറോണ പരിശോധന സംവിധാനം സജ്ജമാക്കിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക ലാബാണ് ഇതിനായി സജ്ജമാക്കിയത്. മറ്റു പരിശോധനകൾ ഈ ലാബിൽ ചെയ്യില്ല. 5 പേരുള്ള ടീമിനെ പരിശോധനക്കായി നിയോഗിച്ചു. ഇവർ എം.സി.സിയിൽ താമസിച്ച് ജോലിചെയ്യുമെന്നും ഡയറക്ടർ ഡോ. സതീശൻ ബാലസുബ്രഹ്മണ്യം അറിയിച്ചു.

എം.സി.സിയിൽ ജീവനക്കാരുടെ ജോലി ക്രമീകരണത്തിന്റെ ഭാഗമായി ഒരു വിഭാഗം ജീവനക്കാർ 3-4 ദിവസത്തേക്ക് മാറും. നിയന്ത്രണം ഫലപ്രദമായാൽ ഇത് 31വരെ തുടരും. അടിയന്തര ആവശ്യമുള്ള ചികിത്സക്കും പുതിയരോഗികളുടെ പരിശോധനക്കും മുടക്കമില്ല. കൊറോണ ബാധ തടയുന്നതിന്റെ ഭാഗമായി കാൻസർ രോഗികൾ യാത്ര പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ഒഴിവാക്കാൻ പറ്റാത്ത അർബുദ ചികിത്സയെടുക്കുന്നവർ മാത്രം കാൻസർ സെന്ററിൽ എത്തിയാൽ മതി. രോഗികൾക്ക് ഡിപ്പാർട്ട്‌മെന്റ് മേധാവികളുമായി ഫോണിൽബന്ധപ്പെട്ട് സംശയനിവാരണം വരുത്താൻ സംവിധാനമുണ്ട്. അത് ഫലപ്രദമായി വിനിയോഗിക്കണമെന്നും ഡയറക്ടർ അറിയിച്ചു.