കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഐസോലേഷനിൽ കഴിയുന്ന മൂന്ന് രോഗികൾ പുറത്തിറങ്ങി കരിക്ക് കുടിക്കുകയും സിഗരറ്റ് വലിച്ചുവെന്നും നാട്ടുകാർ ആരോപിച്ചു. പരിസരവാസിയായ ഒരു യുവാവ് ഇത് സോഷ്യൽ മീഡിയയിൽ ഇട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
യാതൊരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ രോഗികൾക്ക് പുറത്തിറങ്ങി മറ്റുള്ളവരുമായി ഇടപഴകുന്ന സാഹചര്യമാണ് ജില്ലാ ആശുപത്രിയിലേതെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരിയെ ഇവർ ഭീഷണിപ്പെടുത്തിയെന്നും നാട്ടുകാർ പറഞ്ഞു. ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർമാരാണ് ഐസോലേഷനിൽ കഴിയുന്നവർ പുറത്തിറങ്ങി നടക്കുന്ന വിവരം നാട്ടുകാരെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ നാട്ടുകാർ ഇവരെ ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ ഫലം നെഗറ്റീവ് ആണെന്നായിരുന്നു ഇവർ നൽകിയ മറുപടി. എന്നാൽ ഇവരിൽ ഒരാളുടെ നില ഇപ്പോഴും പോസറ്റീവ് ആണെന്ന വിവരമാണ് ജീവനക്കാർ നൽകിയത്.
പുറത്തിറങ്ങിയവർ പുറത്ത് തുപ്പിയതിനെ തുടർന്ന് സമീപത്തെ തുറന്ന് വച്ച കടകൾ അടച്ചതായും നാട്ടുകാർ പറയുന്നു. ജില്ലാ ആശുപത്രിയിൽ ആവശ്യമായ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നാണ് പരിസരവാസികളുടെ ആവശ്യം. എന്നാൽ പുറത്ത് പോയവർ ഐസൊലേഷനിൽ കഴിയുന്നവരെല്ലെന്നും കൊറോണയുടെ സാമ്പിൾ നൽകാൻ എത്തിയവരാണെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.