തളിപ്പറമ്പ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിപണിയിലും പൊതുജീവിതത്തിലുമുണ്ടായ അരക്ഷിതാവസ്ഥ മുതലെടുത്ത് അവശ്യസാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും അമിത വില ഈടാക്കലും നിയന്ത്രിക്കുന്നതിനായി ജില്ലാകലക്ടർ രൂപീകരിച്ച സംയുക്ത പരിശോധന സ്‌ക്വാഡ് പയ്യന്നൂർ, രാമന്തളി വടക്കുമ്പാട് പ്രദേശങ്ങളിൽ പരിശോധന നടത്തി. 14 കടകളിൽ നടത്തിയ പരിശോധനയിൽ11 എണ്ണത്തിൽ ക്രമക്കേടുകൾ കണ്ടെത്തി.

അമിത ലാഭമെടുത്ത് വില്പന നടത്തുന്നതായി കണ്ടെത്തിയ വ്യാപാരികളെ കർശനമായി താക്കീത് ചെയ്യുകയും ശരിയായ വില നിശ്ചയിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. വിലവിവര പട്ടിക പ്രദർശിപ്പിക്കാത്ത കടകൾക്കെതിരെ തുടർ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ പഞ്ചസാരയൊഴികെ മറ്റ് സാധനങ്ങൾക്ക് ക്ഷാമമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസർ, ടി.ആർ.സുരേഷ്, താലൂക്ക് ഓഫിസ് സുപ്രണ്ട് റ്റി.കെ ഭാസ്‌ക്കരൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ സുജയ, റേഷനിംഗ് ഇൻസ്‌പെക്ടർമാരായ പി.വി.കനകൻ, ജെയ്സ് ജോസ്.കെ, പി.സി.ജോൺ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.