കണ്ണൂർ: ജില്ലയിൽ നീതി സ്റ്റോറുകളും, നീതി മെഡിക്കൽ സ്റ്റോറുകളും നടത്തുന്ന മുഴുവൻ സഹകരണ സ്ഥാപനങ്ങളും ഹോം ഡെലിവറി സംവിധാനത്തിലൂടെ അവശ്യസാധനങ്ങളും, മരുന്നും വീടുകളിൽ എത്തിച്ചുകൊടുക്കാൻ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി ജയരാജൻ അഭ്യർത്ഥിച്ചു. ജില്ലയിൽ 64 നീതി സ്റ്റോറുകളും 38 നീതി മെഡിക്കൽ സ്റ്റോറുമാണ് നിലവിലുള്ളത്. സഹകരണ സ്ഥാപനങ്ങൾ നടത്തുന്ന ഈ നീതി സംവിധാനത്തിന് മരുന്നും നിത്യോപയോഗസാധനങ്ങളും ലഭ്യമാക്കാൻ സർക്കാരും, കൺസ്യൂമർ ഫെഡും ആവശ്യമായ നടപടി സ്വീകരിക്കണം. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള വർഗബഹുജന സംഘടനകളുടെയും പ്രവർത്തകർ ഇതിനാവശ്യമായ സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
സമ്പൂർണ ലോക്ക് ഡൗണിനെ തുടർന്ന് വീടുകളിൽ തളച്ചിടപ്പെട്ട ജനങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും നിത്യോപയോഗ സാധനങ്ങളും മരുന്നും ലഭ്യമാക്കാൻ സർക്കാർ തന്നെ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും ആവശ്യം വേണ്ട നിത്യോപയോഗ സാധനങ്ങൾ ലഭിക്കാതെ പ്രയാസപ്പെടുന്ന ധാരാളം കുടുംബങ്ങളുണ്ടാകും. അവരെ വീടുകളിൽ തന്നെ പിടിച്ചുനിർത്തി ലോക്ക്ഡൗൺ അർഥപൂർണമാക്കണമെങ്കിൽ അവശ്യസാധനങ്ങൾ എത്തിച്ചുകൊടുത്തേ പറ്റു. ഈ സാമൂഹ്യ ഉത്തരവാദിത്വമാണ് സഹകരണസ്ഥാപനങ്ങളും പാർട്ടിഘടകങ്ങളും വർഗ ബഹുജന സംഘടനാ പ്രവർത്തകരും ഏറ്റെടുക്കേണ്ടത്. ഈ പ്രശ്നത്തിൽ ജനപ്രതിനിധികളും തദ്ദേശസ്ഥാപന ഭാരവാഹികളും ഫലപ്രദമായി ഇടപെടണമെന്നും എം.വി ജയരാജൻ അഭ്യർത്ഥിച്ചു.