കണ്ണൂർ: ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജനങ്ങൾക്ക് ഭക്ഷണസാധനങ്ങൾ ഉറപ്പാക്കുന്നതിനായി പ്രദേശിക തലത്തിൽ കമ്മറ്റികൾക്ക് രൂപം നൽകി. ഒരാൾ പോലും ഒരു സാഹചര്യത്തിലും പട്ടിണിയാകുന്ന സ്ഥിതി ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് യോഗം നിർദ്ദേശിച്ചു. ജനങ്ങൾക്ക് താലൂക്ക് തലത്തിൽ തഹസിൽദാർമാർക്കാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല.പഞ്ചായത്തടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസർ, സി.ഡി.എസ് ചെയർപേഴ്സൺ, പൊലീസ് എന്നിവർ അടങ്ങുന്ന ഈ കമ്മറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
വാർഡ് തലത്തിൽ വാർഡ് മെമ്പർമാർ,ആരോഗ്യ പ്രവർത്തകർ, ജനമൈത്രി പൊലീസ് എന്നിവരടങ്ങുന്ന കമ്മറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. റേഷനുപുറമെ അടിയന്തിര സഹായം എന്ന നിലയിലാണ് ഭക്ഷ്യധാന്യങ്ങൾ നൽകുന്നത്. റേഷൻ കടകളിലൂടെ നൽകിയാൽ ജനങ്ങൾ കൂട്ടം കൂടുമെന്നതിനാലാണ് ബദൽ മാർഗ്ഗം. പ്രധാനമായും അതിഥി തൊഴിലാളികളെയും ഗോത്രമേഖലയിലെ ജനങ്ങളെയുമാണ് പദ്ധതിയിൽ ഭാഗമാക്കുന്നത്. ഭക്ഷണ സാധനങ്ങളായോ പാകം ചെയ്‌തോ എത്തിക്കും. അതിഥിതൊഴിലാളികൾക്ക് അവരുടെ ഭക്ഷണരീതിക്കനുസരിച്ചുള്ള വിഭവങ്ങളാകും ലഭ്യമാക്കുക. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ ഒരു സ്ഥാപനത്തിലോ, കരാറുകാരുടെയോ കീഴിൽ ജോലി ചെയ്യുന്നവരുടെ അടിസ്ഥാന കാര്യങ്ങൾ കമ്പനിയോ, കരാറുകാരോ തന്നെ ഉറപ്പ് വരുത്തേണ്ടതാണ്. ഒറ്റപ്പെട്ട തരത്തിൽ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികൾക്കാവും പ്രഥമ പരിഗണന. ഭക്ഷണ വിതരണത്തിന് ഗ്രാമങ്ങളിൽ കുടുംബശ്രീയും നഗരങ്ങളിൽ പ്രത്യേക സംഘത്തെയും നിയമിക്കും.
നഗരങ്ങളിൽ സ്റ്റേ സേഫ് ഹോം ഡെലിവറി
ഗ്രാമങ്ങളിൽ കുടുംബശ്രീ
നഗരങ്ങളിൽ സ്റ്റേ സേഫ് ഹോം ഡെലിവറി എന്ന പേരിലും ഗ്രാമങ്ങളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹോം ശ്രീ ഹോം ഡെലിവറി എന്ന പേരിലുമാണ് പദ്ധതി.
സന്നദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഒരു തലത്തിലുള്ള മുതലെടുപ്പും അനുവദിക്കില്ലെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ് അറിയിച്ചു. പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന രാഷ്ട്രീയ പാർട്ടികൾക്കും മത സംഘടനകൾക്കും ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യണമെങ്കിൽ അതത് വാർഡ് തല കമ്മറ്റികളെയോ പഞ്ചായത്ത് കമ്മറ്റികളെയോ എൽപ്പിക്കണമെന്നും സംഘടനകൾ നേരിട്ട് ഒരു തരത്തിലും വിതരണം അനുവദിക്കില്ലെന്നും കളക്ടർ വ്യക്തമാക്കി. ഭക്ഷണസാധനങ്ങൾക്കൊപ്പം കുടുംബങ്ങളിലെ മറ്റു രോഗങ്ങൾ ഉൾപ്പടെയുള്ള പ്രശ്നങ്ങളും ആവശ്യങ്ങളും വാർഡ്തല സംഘങ്ങൾ അന്വേഷിച്ച് പരിഹരിക്കാനും നിർദ്ദേശം നൽകി. സാധനംൾ വിതരണം ചെയ്യാൻ പോകുമ്പോൾ ആൾക്കാരുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കളക്ടർ പറഞ്ഞു. ആദിവാസി മേഖലയിലെ കുടുംബങ്ങളുടെ വിവരങ്ങൾ പ്രമോട്ടർമാർ വഴി ശേഖരിക്കും.ഐടിഡിപ്പിക്കാണ് ചുമതല. ഈ മേഖലയിലെ കുടുംബങ്ങൾക്കാവശ്യമായ കിറ്റുകൾ തയ്യാറായിട്ടുണ്ട്.
ജില്ലയിൽ നീരിക്ഷണത്തിൽ 7990 പേർ
കണ്ണൂർ: കൊറോണ ബാധ സംശയിച്ച് ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 7990 ആയി. 81 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. നിലവിൽ 41 പേർ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും, 26 പേർ ജില്ലാ ആശുപത്രിയിലും 14 പേർ തലശ്ശേരി ജനറൽ ആശുപത്രിയിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയിൽ നിന്നും 240 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 149 എണ്ണത്തിന്റെ ഫലം നെഗറ്റീവ് ആണ്. 86 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ഇതുവരെ ജില്ലക്കാരായ 16 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 5 പേരുടെ സാമ്പിൾ ജില്ലയിൽ നിന്നും 9 എണ്ണം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ നിന്നും ഒരെണ്ണം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും ഒരെണ്ണം ബാംഗ്ലൂർ ആർ .ജി .ഐ .സി .ഡിയിൽ നിന്നുമാണ് പരിശോധനയ്ക്ക് അയച്ചത്.
കണ്ണൂർ വിമാനത്താവളത്തിൽ നാല് ആഭ്യന്തര വിമാനങ്ങളിലായി എത്തിയ 257 യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി.
കഴിഞ്ഞ 24 മണിക്കൂറിനുളളിൽ കിളിയന്തറ ചെക്ക് പോസ്റ്റിലൂടെ കടന്നുപോയ 288 വാഹനങ്ങളിലെത്തിയ 496 യാത്രക്കാരെ സ്‌ക്രീൻ ചെയ്തു. ജില്ലയിൽ സജ്ജമാക്കിയ 1848 ടീമുകൾ ബുധനാഴ്ച 10296 വീടുകൾ സന്ദർശിച്ച് ബോധവൽക്കരണം നടത്തി.
ബ്രേക്ക് ദി ചെയിൻ ക്യാമ്പയിനിന്റെ ഭാഗമായി ഇതുവരെയായി 7835 സ്ഥാപനങ്ങൾ സന്ദർശിച്ചു. 3713 ഇടങ്ങളിൽ ബ്രേക്ക് ദി ചെയിൻ കിയോസ്‌ക് സ്ഥാപിച്ചതായി കണ്ടെത്തി. ഈ സ്ഥാപനങ്ങളിലുള്ള 310 അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണവും ഹിന്ദിയിലുള്ള ലഘുലേഖ വിതരണവും നടത്തിയിരുന്നു.
തളിപ്പറമ്പ്, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം, തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിലെ 23 കേന്ദ്രങ്ങൾ സന്ദർശിച്ച് 223 അതിഥി തൊഴിലാളികൾക്ക് ബോധവൽക്കരണം നൽകി.
ജാഗ്രതാ നിർദേശവുമായി ബാങ്കുകൾ
കണ്ണൂർ: കൊറോണ തടയുന്നതിന്റെ ഭാഗമായി ബാങ്കുകളിലും ചില നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ പൊതുജനങ്ങൾ കൂടി സഹകരിക്കണം.
പാലിക്കേണ്ട നിർദേശങ്ങൾ
ഉപഭോക്താക്കൾ എ ടി എം, ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ്, ബിഎച്ച്‌ഐഎം, യു.പി.ഐ, മറ്റ് മൊബൈൽ ആപ്പുകൾ തുടങ്ങിയവ പരമാവധി ഉപയോഗപ്പെടുത്തുക.
പണം അടയ്ക്കൽ/പിൻവലിക്കൽ, ക്ലിയറിംഗ്, നെഫ്റ്റ്/ആർ.ടി.ജി.എസ് തുടങ്ങിയ ചുരുങ്ങിയ ഇടപാടുകൾ മാത്രമാണ് ബാങ്കുകളിൽ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ളത്. ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചക്ക് രണ്ട് മണി വരെ മാത്രമായി നിജപ്പെടുത്തി.
പാസ്ബുക്ക് പ്രിന്റിംഗ്, ബാലൻസ് പരിശോധന, അക്കൗണ്ട് ഓപ്പണിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കായി ബാങ്കുകൾ സന്ദർശിക്കുന്നത് ഒഴിവാക്കണം. കൂട്ടമായി ബാങ്കിൽ എത്തരുത്. അത്യാവശ്യക്കാർ മാത്രം അകത്ത് പ്രവേശിക്കുക.
ഒരേ സമയം അഞ്ച്/ആറിൽ അധികം ഇടപാടുകാർ ബാങ്കിനുള്ളിൽ നിൽക്കാതിരിക്കാനും
പരസ്പരവും ബാങ്ക് ജീവനക്കാരുമായും നിശ്ചിത അകലം പാലിക്കുവാനും ശ്രദ്ധിക്കണം. എല്ലാവരും ഇടപാടുകൾ വേഗം പൂർത്തീകരിച്ച് മടങ്ങാൻ ശ്രദ്ധിക്കേണ്ടതാണ്.
ചുവരുകൾ, മേശ, കൗണ്ടർ എന്നിവിടങ്ങളിൽ സ്പർശിക്കാതിരിക്കാൻ ജാഗ്രത പുലർത്തണം.
നിരീക്ഷണത്തിലുള്ളവരും, ജലദോഷം, ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരും ബാങ്ക് ശാഖകൾ സന്ദർശിക്കരുത്.
ബാങ്കിൽ കയറുമ്പോഴും ഇടപാടുകൾക്ക് ശേഷവും ബാങ്കിൽ ലഭ്യമാക്കിയിട്ടുള്ള സോപ്പ്/സാനിറ്റൈസർ ഉപയോഗിച്ച് നന്നായി കൈകൾ വൃത്തിയാക്കുക. ഇക്കാര്യത്തിൽ ബാങ്ക് ജീവനക്കാരുടെ നിർദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്.
പെൻഷൻ, തൊഴിലുറപ്പ് വേതനം, സബ്സിഡി തുടങ്ങിയവ ലഭിച്ചതറിയാൻ എസ് എം എസ് സൗകര്യം പ്രയോജനപ്പെടുത്തുകയോ ബാങ്കിലേക്ക് വിളിച്ച് ചോദിക്കുകയോ ചെയ്യുക.
വിദേശത്തു നിന്ന് വന്നവർ ബാങ്കിലേക്ക് വരുമ്പോൾ പാസ്‌പോർട്ട് കാണിക്കണം. ഐസൊലേഷൻ കാലാവധിയിൽ ബാങ്കിൽ പോകരുത്. ബാങ്കുകളുടെ തടസ്സമില്ലാത്ത സേവനങ്ങൾക്ക് പൊതുജനങ്ങളുടെ സഹായവും സഹകരണവും അനിവാര്യമാണ്.
കുടുംബശ്രീയുടെ ഹോം ശ്രീ ഹോം ഡെലിവറി ആരംഭിച്ചു
കണ്ണൂർ:കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ അവശ്യ സാധനങ്ങൾ വീട്ടു പടിക്കൽ എത്തിക്കുന്നതിനായി കുടുംബശ്രീ വഴി രൂപം നൽകിയ ഹോം ശ്രീ ഹോം ഡെലിവറി സംവിധാനം ജില്ലയിൽ നിലവിൽവന്നു. കുടുംബശ്രീ ഉൽപാദിപ്പിക്കുന്ന തനത് ഉൽപന്നങ്ങളും മറ്റ് പൊതു കമ്പോളത്തിൽ നിന്നുള്ള ഉൽപന്നങ്ങളും ഈ സംവിധാനം വഴി ആവശ്യക്കാരുടെ വീട്ട് പടിക്കൽ എത്തിച്ചു തുടങ്ങി.
കുടുംബശ്രീയുടെ ഓരോ പ്രദേശത്തേയും എഡിഎസുകളുടെ നേതൃത്വത്തിലാണ് ഈ സംവിധാനം പ്രവർത്തിച്ചു വരുന്നത്. നിലവിൽ കുടുംബശ്രീ ഹോം ഷോപ്പ് മാർക്കറ്റിംഗ് സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചു വരുന്ന ജില്ലയിലെ 250 ലേറെ കുടുംബശ്രീ പ്രവർത്തകർ അടുത്ത 21 ദിവസം ഹോം ശ്രീ സംവിധാനത്തിന്റെ ഭാഗമായി പ്രവർത്തിക്കും.
അവശ്യവസ്തുക്കൾ വേണ്ടവർ തൊട്ടടുത്ത കടുംബശ്രീ യൂണിറ്റുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ ബന്ധപ്പെട്ടാൽ സാധനങ്ങൾ വീട്ട് പടിക്കൽ ലഭ്യമാക്കും.
പരമാവധി ആളുകൾ വീടുകളിൽ തന്നെ കഴിയുന്നുവെന്നുറപ്പു വരുത്തുക, കടകളില അമിത തിരക്ക് നിയന്ത്രിക്കുക, ഒറ്റപ്പെട്ട് പോയ കടുംബങ്ങൾക്ക് ഭക്ഷ്യ ലഭ്യത ഉറപ്പ് വരുത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ആദ്യ ദിനത്തിൽ വീടുകളിൽ നിന്നും നല്ല പ്രതികരണമായിരുന്നു ലഭിച്ചത്.
അവശ്യസാധന നിയമപ്രകാരം കർശന നടപടികൾ(ഡക്ക്)
പൂഴ്ത്തിവെപ്പും വിലക്കയറ്റവും തടയാൻ
സംയുക്ത സ്‌ക്വാഡ് പരിശോധന
കണ്ണൂർ: ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അമിതവില ഈടാക്കിയ വ്യാപാരികൾക്കെതിരെ കർശന നടപടികൾ. കണ്ണൂർ, തളിപ്പറമ്പ്, ഇരിട്ടി, പയ്യന്നൂർ താലൂക്കുകളിലെ വ്യാപാരസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ അമിതവില ഈടാക്കിയ വ്യാപാരികൾക്കെതിരെ അവശ്യസാധന നിയമ പ്രകാരം നടപടി സ്വീകരിച്ചു. സിവിൽ സപ്ലൈസ്, റവന്യൂ, ലീഗൽ മെട്രോളജി എന്നീ വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തിൽ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചില പ്രദേശങ്ങളിൽ നിത്യോപയോഗ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പരിശോധന നടത്തി ഏകീകൃത വിലയിൽതന്നെ സാധനങ്ങൾ വിൽക്കണമെന്ന് നിർദേശിച്ചു. തളിപ്പറമ്പ്, പയ്യന്നൂർ, രാമന്തളി, പെരുമ്പ എന്നിവിടങ്ങളിലെ 25 വ്യാപാര സ്ഥാപനങ്ങളിലും കണ്ണൂർ താലൂക്കിലെ കണ്ണൂർ ടൗൺ, നാറാത്ത്, പാപ്പിനിശ്ശേരി ഭാഗങ്ങളിലെ 32 സ്ഥാപനങ്ങളിലും ഇരിട്ടി, മട്ടന്നൂർ, കേളകം ഭാഗങ്ങളിൽ 12 സ്ഥാപനങ്ങളിലും തലശ്ശേരി, കൂത്തുപറമ്പ് എന്നിവിടങ്ങളിലെ 15 സ്ഥാപനങ്ങളിലുമാണ് പരിശോധന നടത്തിയത്.
ജില്ലയിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം സംബന്ധിച്ച് വ്യാപകമായി പരാതികൾ ലഭിച്ച സാഹചര്യത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിൽ ജില്ലയുടെ മറ്റ് ഭാഗങ്ങളിലേക്കും പരിശോധന വ്യാപിപ്പിച്ച് കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ കെ മനോജ് കുമാർ അറിയിച്ചു.
ജില്ലയിലെ ഭക്ഷ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി മുൻകരുതൽ എന്ന നിലയിൽ വിവരശേഖരണം ഉൾപ്പെടെയുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. കർണാടകയിൽ നിന്നും ജില്ലയിലേക്ക് കൊണ്ടുവന്ന അഞ്ച് ലോഡ് ഭക്ഷ്യവസ്തുക്കൾ വീരാജ്‌പേട്ട ചെക്ക്‌പോസ്റ്റിൽ തടഞ്ഞ സാഹചര്യത്തിൽ കൊറോണ സെല്ലും സംയോജിതമായി ഇടപെട്ടിരുന്നു.
കല്യാശ്ശേരി മണ്ഡലത്തിൽ 35 റോഡ് നവീകരണത്തിന്
5.69 കോടി രൂപയുടെ ഭരണാനുമതി
കല്യാശ്ശേരി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കല്യാശ്ശേരി മണ്ഡലത്തിലെ 35 റോഡുകളുടെ നവീകരണത്തിന് 5.69 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ടി വി രാജേഷ് എം.എൽ.എ അറിയിച്ചു.
ചെറുകുന്ന് പഞ്ചായത്തിലെ കട്ടകുളം ട്രാൻസ്‌ഫോർമർ ചെറുകുന്ന് വെൽഫയർ ഹയർ സെക്കന്ററി സ്‌കൂൾ റോഡ് 10 ലക്ഷം, കട്ടകുളം അങ്കണവാടി ബാപ്പുങ്ങൽ ബണ്ട് റോഡ് 16 ലക്ഷം, മുട്ടിൽ വായനശാല മൂലക്കീൽ ബണ്ട് റോഡ് 10 ലക്ഷം, പാടിയിൽ മുതിര കടവ് റോഡ് 40 ലക്ഷം, ചെറുതാഴം പഞ്ചായത്തിലെ കല്ലമ്പലം തേനംതിട്ട വയൽ 10 ലക്ഷം, അറത്തിൽ സ്‌കൂൾ പോറ്റിയില്ലം പുറച്ചേരി യു പി സ്‌കൂൾ റോഡ് 18 ലക്ഷം, കുളപ്രം മൂലൻകോട്ടുച്ചാൽ 13 ലക്ഷം, കോക്കാട് പനവയൽ ചിറവക്ക് റോഡ് 15 ലക്ഷം, ശ്രീസ്ത മാടപ്പുറം കോളനി റോഡ് 15 ലക്ഷം, പുറച്ചേരി വായനശാല ശിവക്ഷേത്രം കോട്ടയിൽ റോഡ് 15 ലക്ഷം, ഏഴോം പഞ്ചായത്തിലെ ഏഴോം ബോട്ട് കടവ് റോഡ് 15 ലക്ഷം, പുല്ലാഞ്ഞിട എരിപുരം താലൂക്ക് ആശുപത്രി റോഡ് 15 ലക്ഷം, കൈവേലി ഏച്ചിൽമൊട്ട റോഡ് 30 ലക്ഷം, നെരുവമ്പ്രം കണ്ണോം ഗാന്ധി റോഡ് 10 ലക്ഷം, കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ മല്ലപ്പള്ളി മുക്ക് ആലക്കാൻ തോട് വടക്കുഭാഗം മുണ്ടയാട്ട് താഴെ റോഡ് 15 ലക്ഷം, കണ്ടോന്താർ തൃക്കുട്ടേരി മണിയറ റോഡ് 10 ലക്ഷം, കച്ചേരിക്കടവ് പയിനാടി കരിക്കച്ചാൽ റോഡ് 15 ലക്ഷം, കല്യാശ്ശേരി പഞ്ചായത്തിലെ കണിയറ വയൽ റോഡ് 10 ലക്ഷം, ഇരിണാവ് ചിന്നനായർ പീടിക ഇരിണാവ് യു പി സ്‌കൂൾ റോഡ് 13 ലക്ഷം, അപ്പമിൽ കാക്കോട്ടുകാവ് റോഡ് 11 ലക്ഷം, കണ്ണപുരം പഞ്ചായത്തിലെ മൊയ്യൻ റോഡ് പൊട്ടി ബസാർ റോഡ് 10 ലക്ഷം, കണ്ണപുരം പെട്രോൾ പമ്പ് പി ടി മുക്ക് റോഡ് 16 ലക്ഷം, മൊട്ടമ്മൽ പൊതു ശ്മശാനം പൊടിപുറം റോഡ് 38 ലക്ഷം, കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിലെ പുതിയ പുഴക്കര ചെനോളി മിൽ റോഡ് 12 ലക്ഷം, താമരകുളങ്ങര പടിഞ്ഞാറെ വായൽ മൂശാരി കൊവ്വൽ റോഡ് 15 ലക്ഷം ഉദയപുരം കൊവ്വപ്പുറം റയിൽവേ ഗേറ്റ് റോഡ്25 ലക്ഷം, മാടായി പഞ്ചായത്തിലെ കോഴിമ്പസാർ എസ് ബി ഐ ജമായത്ത് ഹയർ സെക്കന്ററി സ്‌കൂൾ റോഡ് 20 ലക്ഷം, മുട്ടം മഞ്ഞേരി സെയ്ദ് മസ്ജിദ് റോഡ് 10 ലക്ഷം, കിയച്ചാൽ വയലപ്ര റോഡ് 20 ലക്ഷം, മാട്ടൂൽ പഞ്ചായത്തിലെ ജസിന്ത കടപ്പുറം റോഡ് 20 ലക്ഷം, മാട്ടൂൽ സിദ്ദിഖപള്ളി കടപ്പുറം റോഡ് 30 ലക്ഷം, പട്ടുവം ഗ്രാമ പഞ്ചായത്തിലെ കുഞ്ഞിമുറ്റം അങ്കണവാടി കരിക്കാൽ അമ്പലം റോഡ് 15 ലക്ഷം, അരിയിൽ ധർമ്മ കിണർ കുതിരപ്പുറം മുള്ളൂൽ ഏ കെ ജി മന്ദിരം റോഡ് 10 ലക്ഷം, മുറികതോട് നമ്പി കുളത്തുകാവ് റോഡ് 10 ലക്ഷം, കാഞ്ഞിരതറ നമ്പിക്കുളത്ത് കാവ് മംഗലശേരി റോഡ് 12 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതി ലഭിച്ചത്.