കണ്ണൂർ :കൊറോണയുടെ സാമൂഹ്യവ്യാപനം തടയുന്നതിന്റെ ഭാഗമായി നടപ്പിലാക്കിയ അടച്ചിടൽ നടപടിയുടെ പശ്ചാത്തലത്തിൽ വാടക നൽകാത്തത് ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ പേരിൽ അതിഥി തൊഴിലാളികളെ താമസ ഇടങ്ങളിൽ നിന്ന് പുറത്താക്കരുതെന്ന് ജില്ലാ കളക്ടർ ടി വി സുഭാഷ്. അതിഥി തൊഴിലാളികളിൽ പലരും ദിവസക്കൂലിക്ക് ജോലി ചെയ്ത് ജീവിക്കുന്നവരാണ്. നിലവിൽ തൊഴിലില്ലാത്ത സാഹചര്യം വന്നതോടെ സാമ്പത്തിക പ്രതിസന്ധി അവരെ ബാധിക്കാനിടയുണ്ട്. രാജ്യം കൊറോണ വ്യാപനത്തിനെതിരേ ഒറ്റക്കെട്ടായി മുന്നോട്ടുപോവുന്ന ഈ പ്രത്യേക സാഹചര്യത്തിൽ വാടക ഉൾപ്പെടെയുള്ള പ്രശ്നങ്ങളുടെ പേരിൽ അവരെ പുറത്താക്കുന്ന സ്ഥിതിയുണ്ടാവരുതെന്നും കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. സുമേഷ്, അഡീഷനൽ എസ്പി പ്രജീഷ് തോട്ടത്തിൽ, സബ് കളക്ടർമാരായ ആസിഫ് കെ. യൂസഫ്, എസ് .ഇലാക്യ, എ.ഡി.എം ഇ .പി. മേഴ്സി, അസിസ്റ്റന്റ് കളക്ടർ ഡോ. ഹാരിസ് റഷീദ്, ഡി.എം.ഒ ഡോ. നാരായണ നായ്ക് തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.