മട്ടന്നൂർ: മട്ടന്നൂർ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കമ്യൂണിറ്റി കിച്ചൻ ഉടൻ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജൻ അറിയിച്ചു. ഇതിന് തദ്ദേശ സ്ഥാപന അദ്ധ്യക്ഷൻമാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ജാഗ്രതയോടെ പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ വാർഡ് ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ജാഗ്രതാ സമിതി തദ്ദേശഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അറിയിച്ചു.

വാർഡ്തല മോണിറ്ററിങ് കമ്മിറ്റി മുഴുവൻ വീടും കയറി ബോധവൽക്കരണം നടത്തി ലഘുലേഖ വിതരണം ചെയ്തു. വീടുകളിൽ നിരീക്ഷണത്തിലുള്ളവർ, കൃത്യത പാലിച്ച് വീടിനുള്ളിൽ തന്നെയാണോ കഴിയുന്നതെന്നും എന്തെങ്കിലും സാമൂഹ്യ, സാമ്പത്തിക പിന്തുണ ആവശ്യമുണ്ടോ എന്നറിയുന്നതിനും ഹെൽത്ത് ഇൻസ്പെക്ടർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർ, ഗവ. ആശുപത്രിയിലെ ഹെൽത്ത് ഇൻസ്പെക്ടർ എന്നിവരടങ്ങിയ മൂന്നംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ പരിശോധനയും നടക്കുന്നു. ടൗണിൽ ഏഴിടത്ത് ഹാൻഡ് വാഷിംഗ് സംവിധാനം ഏർപ്പെടുത്തി.

മട്ടന്നൂർ നഗരസഭയിൽ നിരീക്ഷണത്തിൽ 250 പേർ.

വിദേശനിന്നെത്തിയവരിൽ 197 പേർ

അയൽ സംസ്ഥാനത്തു നിന്നെത്തിയ 39 പേർ

മറ്റു ജില്ലകളിൽ നിന്നും 14 പേർ

ജില്ലാ ആശുപത്രിയിൽ 2പേർ

രോഗം സ്ഥിരീകരിച്ചത് : 0