കണ്ണൂർ: കൊറോണ പരിശോധന ഫലം പുറത്തുവന്നപ്പോൾ കണ്ണൂരിനും, കാസർകോടിനും അൽപ്പം ആശ്വാസം. കണ്ണൂർ ജില്ലയിൽ ഇന്നലെയും ഇന്നുമായി പുതിയ കൊറോണ കേസുകളൊന്നും പുറത്തുവന്നിട്ടില്ല. ജില്ലയിൽ 7909 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 81 പേർ ആശുപത്രികളിലാണ്. കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് 41, തലശ്ശേരി ജനറൽ ആശുപത്രി 14, ജില്ലാ ആശുപത്രി 26 എന്നിങ്ങനെയാണ് ആശുപത്രിയിലുള്ളവരുടെ കണക്ക്. രോഗം സ്ഥിരീകരിച്ച 15 പേരിൽ കൂടുതൽ ആരും ഇല്ല എന്നതാണ് ആശ്വാസമാകുന്നത്. അതേസമയം നിയന്ത്രണം ലംഘിച്ച് ഇന്നലെയും ചിലർ വാഹനങ്ങളുമായി തെരുവിവിറങ്ങിയിരുന്നു. കർഫ്യു ലംഘിച്ച് റോഡിലിറങ്ങിയതിന് 93 കേസുകൾ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്ട്രർ ചെയ്തിട്ടുണ്ട്. നടപടി ഇന്നുമുതൽ കൂടുതൽ കൂടുതൽ ശക്തമാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്ര പറഞ്ഞു.
കാസർകോട് ജില്ലയിൽ നേരത്തെ നിയന്ത്രണം നിലവിലുണ്ട്. ജില്ലയിലെ നിയന്ത്രണം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടക്കുകയാണ്. നിയമലംഘനത്തിന്റെ പേരിൽ 19 കേസുകൾ ഇന്നലെ മാത്രം രജിസ്ട്രർ ചെയ്തിട്ടുണ്ട്. ബാരിക്കേട് കെട്ടി കൂടുതൽ സ്ഥലങ്ങളിൽ റോഡ് ഉപരോധിക്കുമെന്ന് ജില്ലയിൽ കേമ്പ് ചെയ്യുന്ന വിജയ്സാക്കറെ വ്യക്തമാക്കി. പരിശോധനക്കയച്ച 260 സാമ്പിളുകളുടെഫലം പുറത്തുവരാനുണ്ട്. ഇന്നും നാളെയുമായി ഇത് അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ ജില്ലയിലെ സാമ്പിളുകൾ ആലപ്പുഴയിലെ വൈറോളജി ലാബിലായിരുന്നു പരിശോധനയ്ക് അയച്ചിരുന്നത്. എന്നാൽ ട്രെയിൻ സർവ്വീസ് റദ്ദ് ചെയ്തതോടെ ഇപ്പോൾ കോഴിക്കോട്ടെ ലാബിലാണ് പരിശോധന നടത്തുന്നത്. ഇവിടെയാണെങ്കിൽ ആവശ്യത്തിന് ഉപകരങ്ങൾ ഇല്ലാത്തത് ഫലങ്ങൾ ലഭിക്കാൻ കാലതാമസത്തിന് ഇടയാക്കുന്നുണ്ട്. കണ്ണൂരും തലശ്ശേരിയിലും വൈറോളജി ലാബുകൾ സ്ഥാപിക്കാനുള്ള നടപടികൾ പുരോഗതിയിലാണ്.
കോഴിക്കോട് ജില്ലയിൽ 1000 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്നലെ സാമ്പിൾ പരിശോധന ഫലം പുത്തുവന്നപ്പോൾ ഒരാളുടേത് പോസിറ്റീവായിരുന്നു. പൊതുവെ ജില്ലയിലും ആശ്വസത്തിന് വക നൽകുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ നല്കിയ മുന്നറിയിപ്പുകൾ അവഗണിച്ച് വെറുതെ ചുറ്റിക്കറങ്ങിയ മൂന്നു പേരെ മാഹി പൊലീസ് അറസ്റ്റു ചെയ്തു. മാഹി പാറക്കലിലെ ഉമേശന്റെ മകൻ പ്രണവ്, മുക്കാളി താഴെ തോട്ടുമ്മൽ ഉത്തമന്റെ മകൻ അരുൺ, മുക്കാളി കോഴിപ്പുറത്ത് ബാബുരാജിന്റെ മകൻ വിഷ്ണു എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്. കർഫ്യു നിലനിൽക്കെ വീട്ടിൽ ഇരുനൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സ്വകാര്യ പരിപാടി സംഘടിപ്പിക്കുകയും, സമ്മാനങ്ങൾ നൽകുകയും ചെയ്തതിന് പുതുച്ചേരി എം.എൽ.എ ജോൺ കുമാറിനെതിരെ പൊലീസ് കേസ്സെടുത്തു. കോവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കണ്ണൂർ ഫയർ ആന്റ് റെസ്ക്യൂ സർവ്വീസ് ടീം രാവിലെ മുതൽ പാപ്പിനിശ്ശേരി നാറാത്ത് പഞ്ചായത്തുകളിലെ പൊതു ഇടങ്ങൾ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് സൊലൂഷൻ ഉപയോഗിച്ച് അണുവിമുക്തമാക്കി.