മാഹി: കൊറോണ കാലത്തും സാധാരണക്കാരനെ കൊള്ളയടിച്ച് പ്രാദേശിക പച്ചക്കറി വ്യാപാരികൾ. സർക്കാർ പ്രഖ്യാപിച്ച ജനത കർഫ്യൂവും, ലോക്ക് ഡൗണുമായി ജനങ്ങൾ സഹകരിച്ചു മുന്നോട്ട് പോകുമ്പോൾ ഒരു പറ്റം കച്ചവടക്കാർ തൊഴിലിനു പോലും പോകാൻ കഴിയാതെ നിത്യ ചിലവിനു ബുദ്ധിമുട്ടുന്ന സാധരണക്കാരനെ പച്ചക്കറിക്കും, ഉണക്ക മത്സ്യത്തിനും മറ്റു അനാദി സാധനങ്ങൾകും തോന്നിയ പോലെ വിലയിട്ട് കൊള്ളയടിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും സാധന വില ഉയരുകയാണ്. മാഹി മൂലക്കടവിലെ ഒരു കടയിൽ നിന്നും ഈടാക്കിയത് വെണ്ടയ്ക്ക കിലോവിനു 100രൂപ ,കോട്ടപയർ കിലോ 100രൂപ, തക്കാളി കിലോവിന് 70 രൂപ എന്നിങ്ങനെ പോകുന്നു വിലനിലവാരം. പന്തക്കലിൽ ഇന്നലെ ഉണക്ക ചെമ്മീൻ വില കിലോ വിനു 1000/രൂപ ,ഉണക്ക നത്തോലി കിലോ 1000/രൂപയുമായിരുന്നു.
മാഹിയിൽ ആരോഗ്യ വകുപ്പും പൊലീസും മാത്രമേ എകോപനമുള്ളൂ. കേരളത്തിൽ ഭക്ഷ്യ വിതരണ വകുപ്പ് റവന്യൂ മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഒരു പരിധി വരെ ഇടപെടുന്നുണ്ട്. തലശ്ശേരിയിലെ വിലയുടെ രണ്ടിരട്ടിയിലേറെ വിലയാണ് മാഹി മേഖലയിൽ ഈടാക്കുന്നത്. അതിനിടെ തകൃതിയായ അനധികൃത മദ്യവിൽപനയും കൊഴുക്കുന്നുണ്ട്. ഗോഡൗണുകളൊന്നും സീൽ ചെയ്യാത്തതിനാൽ ഇതു വഴിയാണ് മദ്യം കടത്തുന്നത്. മദ്യഷാപ്പ് തൊഴിലാളികൾ ബാറിനോട് ചേർന്ന് പലയിടങ്ങളിലും താമസിക്കുന്നുണ്ട്. അവർ തന്നെയാണ് ഇതിന് ഒത്താശ ചെയ്യുന്നതത്രെ. മാഹി, പാറാൽ, ഗ്രാമത്തി, പന്തക്കൽ, മൂലക്കടവ് പ്രദേശങ്ങളിലെല്ലാം അനധികൃത വിൽപ്പന നടക്കുന്നുണ്ടെന്നാണ് അറിയുന്നത്.
കോറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന മുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കുമെന്ന് ഒരാഴ്ച മുന്നേ അധികൃതർ പ്രഖ്യാപിച്ചെങ്കിലും ഇനിയും നടപ്പിലാക്കാൻ മയ്യഴി ഭരണകൂടത്തിനായില്ല. പല യിടങ്ങളിലും നിർദ്ധന കുടുംബങ്ങൾക്ക് ഉദാരമതികളായ വ്യക്തികളും, സംഘടനകളുമാണ് അത്യാവശ്യ സാധനങ്ങൾ എത്തിക്കുന്നത്. കേരളത്തിലെന്ന പോലെ ജനപ്രതിനിധികളെയും, രാഷട്രീയസന്നദ്ധ സംഘടനാ പ്രതിനിധികളേയും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനം മയ്യഴിയിലില്ല. യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ, ഒരാഴ്ചയായിട്ടും നടക്കാത്തതിന് കാരണം വിവിധ വകുപ്പുകളുടെ ഏകോപനം ഇല്ലാത്തതാണെന്നാണ് ഉയർന്നുവരുന്ന പരാതി.