കണ്ണൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ ഭക്ഷ്യ ക്ഷാമം പരിഹരിക്കാൻ സർക്കാർ പച്ചക്കറി കൃഷിയ്ക്ക് ആഹ്വാനം ചെയ്തെങ്കിലും അടിസ്ഥാന സൗകര്യം ഒരുക്കാത്തതിൽ അതൃപ്തി. നിലവിൽ കൃഷി ചെയ്യുന്നവർക്ക് സർക്കാരിന്റെ ആഹ്വാനമൊന്നും ആവശ്യമില്ലെങ്കിലും പുതുതായി കൃഷി തുടങ്ങേണ്ടവർക്ക് തൈകളടക്കം ലഭ്യമാക്കേണ്ടതുണ്ട്. കൃഷി വകുപ്പിന്റെ കണ്ണൂർ ചാലാടെ ഫാമിൽ മാത്രം കാൽലക്ഷം പച്ചക്കറി തൈകൾ കെട്ടി കിടക്കുന്നുണ്ട്. മൂന്നാഴ്ച ലോക്ക് ഡൗൺ കഴിയും വരെ സൂക്ഷിക്കാനാകാത്തതിനാൽ ഇവിടത്തെ തൊഴിലാളികൾ ഫാം വളപ്പിൽ തന്നെ തൈകൾ നടാൻ നിർബന്ധിതരാകും. സംസ്ഥാനത്തെ പല ഫാമുകളുടെ അവസ്ഥയും ഇത് തന്നെ.

കടുത്ത വേനലിൽ വിളകൾ കരിഞ്ഞുണങ്ങുമ്പോൾ കൃഷിയ്ക്ക് ജലസേചനം നടത്താൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ദീർഘകാല വിളയായ തെങ്ങുകൾ പോലും കരിഞ്ഞ് ഉണങ്ങുമെന്നാണ് കർഷകരുടെ ആശങ്ക. വീട്ടിൽ നിന്നും അകലെയുള്ള സ്ഥലത്തേക്ക് പോകാൻ അനുമതിയില്ലാത്തതാണ് പ്രതിസന്ധി. സർക്കാരിന്റെ അടിയന്തിര ഇടപെടൽ ഉണ്ടായില്ലെങ്കിൽ കാർഷിക മേഖല തകർന്നടിയും.

അതേസമയം കാർഷിക ഉത്പന്നങ്ങൾ ശേഖരിക്കാൻ സർക്കാർ ഇടപെടൽ ആരംഭിച്ചതായാണ് വിവരം. അരിയുൾപ്പെടെയുള്ള സാധനങ്ങൾ വീടുകളിൽ എത്തിക്കുന്ന കൂട്ടത്തിലാണ് ഈ പച്ചക്കറിയും ലഭ്യമാക്കുക. ഇതോടൊപ്പം പച്ചക്കറി തൈകളും വിത്തുകളും കൂടി നൽകണമെന്നാണ് ആവശ്യം. വിത്തുകളെല്ലാം നൽകുമ്പോൾ സാങ്കേതിക പ്രശ്നങ്ങളുമുണ്ട്. സർക്കാർ തീരുമാനിച്ചാൽ ഇത് പരിഹരിക്കാം.

പഞ്ചായത്ത് തലത്തിലും പ്രാദേശികമായി പച്ചക്കറി തൈകൾ ഉണ്ടാക്കുന്നുണ്ട്. ജീവനി സഞ്ജീവനി പദ്ധതിയിലാണ് പച്ചക്കറി വിതരണം നടത്തുന്നത്. ഹോർട്ടികോർപ്പ്, വി.എഫ്.പി.സി.കെ, കേരഫെഡ് എന്നിവയുടെ സഹകരണവും ഉണ്ടാകും.

ഇറച്ചികോഴി കർഷകരിലും പ്രതിസന്ധിയുണ്ട്. കോഴിത്തീറ്റയ്ക്ക് ക്ഷാമം അനുഭവപ്പെടുന്നതോടെ ഭക്ഷണമില്ലാതെ കോഴികൾ ചത്തൊടുങ്ങുമെന്നാണ് ആശങ്ക. ആയിരക്കണക്കിന് കോഴികളെ ഒരുമിച്ച് വളർത്തുന്നവരാണ് പ്രയാസത്തിലായത്. അതേസമയം വൻതോതിൽ പച്ചക്കറി കൃഷി ചെയ്തവരും വിറ്റുപോകാതെ ബുദ്ധിമുട്ടിലായിട്ടുണ്ട്. മാങ്ങാട്ടിടത്ത് 6 ടൺ പച്ചക്കറി ഉത്പാദിപ്പിച്ച ജയപ്രകാശിൽ നിന്നും ഹോർട്ടി കോർപ്പ് 400 കിലോ ഏറ്റെടുത്തിരുന്നു. ഇദ്ദേഹത്തെ പോലെ മാതൃകാപരമായി കൃഷി ചെയ്തവരുടെ പ്രതിസന്ധി പരിഹരിക്കാൻ പച്ചക്കറികൾ വേഗത്തിൽ ഏറ്രെടുക്കണമെന്നാണ് ആവശ്യം.