കണ്ണൂർ: കൊറോണ പോസിറ്റീവായി കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇരിട്ടി സ്വദേശികളായ ദമ്പതികളും മൂന്നുവയസുകാരനായ മകനും രോഗം ഭേദമായതോടെ നാടിനാകെ ആശ്വാസം. കഴിഞ്ഞ മാർച്ച് ഏഴിന് പുലർച്ചെ 6.30ന് ഇറ്റലിയിൽ നിന്ന് മടങ്ങിവരവെയാണ് ഇവരെ ആശുപത്രിയിൽ ഐസൊലേഷനിലേക്ക് മാറ്റിയത്. വിമാനത്താവളത്തിലെ യൂണിവേഴ്സൽ സ്ക്രീനിംഗ് സംവിധാനത്തിൽ സ്ക്രീനിംഗ് നടത്തിയപ്പോൾ മകന് രോഗം ഉണ്ടെന്ന് മനസിലാക്കിയാണ് ഇവരെ അധികൃതർ ആശുപത്രിയിലേക്കയച്ചത്. ആരോഗ്യവകുപ്പിന്റെ പ്രത്യേക ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റിയതിനാൽ ഇവിടെ ഇവരിൽ നിന്ന് ആർക്കും രോഗം ബാധിച്ചിട്ടില്ലെന്ന് ഉറപ്പാക്കിയിരുന്നു.

ഒമ്പതാം തീയതി ഫലംവന്നപ്പോഴാണ് കുട്ടിക്ക് കൊറോണ പോസിറ്റീവാണെന്ന് വ്യക്തമായത്. തുടർന്ന് മാതാപിതാക്കളുടെ സ്രവങ്ങളും പരിശോധിച്ചതോടെ രോഗബാധ ഉറപ്പിച്ചു. ഇവരുടെ അവസാന മൂന്ന് സാമ്പിളുകളുടെ പരിശോധനയിലും കൊറോണ നെഗറ്റീവാണെന്ന് വ്യക്തമായതോടെ കഴിഞ്ഞദിവസം രോഗമുക്തരായി പ്രഖ്യാപിക്കുകയായിരുന്നു.

ഇറ്റലിയിൽ നിന്ന് പുറപ്പെടുമ്പോൾ ഇവർക്ക് രോഗബാധ ആശങ്കയൊന്നുമുണ്ടായിരുന്നില്ല. ഇറ്റലിയിൽ നഴ്സായി ജോലിചെയ്യുന്ന യുവതിയും ഇവരുടെ ഭർത്താവും മകനും ഇരിട്ടിയിൽ അവധിക്കാലത്ത് സാധാരണ എത്താറുള്ളതാണ്. ഇവരുടെ മൂത്ത മകൻ നാട്ടിൽ രണ്ടാംക്ളാസ് വിദ്യാർത്ഥിയാണ്. നാട്ടിലെ അവധി കണക്കാക്കിയാണ് നേരത്തെ യാത്ര തീരുമാനിച്ചത്. മിലാനിൽ നിന്ന് 200 ഓളം കിലോമീറ്റർ അകലെയാണ് യുവതി ജോലി ചെയ്തിരുന്ന ആശുപത്രി. ഇവിടെ പനി ബാധിച്ച് ചിലർ ചികിത്സയിലുണ്ടെങ്കിലും അത്ര കണ്ട് ആശങ്ക അന്നുണ്ടായിരുന്നില്ല.

മകന് ദുബായ് എത്തുന്നത് വരെ പനി ഉണ്ടായിരുന്നില്ല. എന്നാൽ പിന്നീട് ലക്ഷണങ്ങൾ കണ്ടതോടെ ഇവർ നെടുമ്പാശേരി വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്തു. തുടർന്ന് 19 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞാണ് രോഗമുക്തരാവുന്നത്. വിവരം അറിഞ്ഞതോടെ കുടുംബാംഗങ്ങൾ സന്തോഷത്തിലാണ്. കേരളത്തിൽ മികച്ച ചികിത്സയാണ് ലഭിച്ചതെന്നും ഇക്കാര്യത്തിൽ തങ്ങൾ സന്തോഷവാന്മാരാണെന്നും യുവതി കേരളകൗമുദിയോട് പറഞ്ഞു.