കണ്ണൂർ: ടൗൺ പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച അക്ഷയപാത്രത്തിൽ നിന്നുള്ള ഭക്ഷണത്തെ ആശ്രയിച്ച് കടത്തിണ്ണകളിലും തെരുവോരത്തും കഴിഞ്ഞുകൂടിയിരുന്ന 35 പേർക്ക് പൊലീസിന്റെ ആശ്വാസം. പ്രായമേറിയവരും രോഗികളുമായ ഇവർക്ക് മറ്റെവിടെയും പോകാനോ ലോക്ക് ഡൗൺ കാലത്തെ അതിജീവിക്കാനോ കഴിയില്ലെന്ന് അറിഞ്ഞ പൊലീസ് ഇവരെ നഗരത്തിലെ ഒരു സ്കൂളിലേക്ക് മാറ്റുകയായിരുന്നു

ആദ്യദിനത്തിൽ പട്ടിണി

എന്നാൽ നഗരത്തിൽ അലഞ്ഞുതിരിയുന്ന മുഴുവൻ പേരെയും പുനരധിവസിപ്പിക്കാനുളള നടപടിയായിട്ടില്ല. ഹോട്ടലുകളും ചായക്കടകളുമൊക്കെ അടഞ്ഞതോടെ ഇവർക്ക് ആദ്യദിവസം വെള്ളം പോലും കിട്ടാത്ത അവസ്ഥയായിരുന്നു. എന്നാൽ സന്നദ്ധസംഘടനകൾ നഗരത്തിൽ വിതരണം ചെയ്യുന്ന ഭക്ഷണമാണ് ഇവർക്ക് അല്പം ആശ്വാസം പകർന്നത്. ഭിക്ഷാടകരും തമിഴ്നാട്ടിൽ നിന്നുമെത്തി കേബിൾ ജോലി ചെയ്യുന്നവരുമൊക്കെ നഗരത്തിലെ കടത്തിണ്ണകളിൽ അന്തിയുറങ്ങുന്നുണ്ട്.

നിർമ്മാണ തൊഴിലാളികളിൽ ചിലരും പണം കളയാൻ മടിച്ച് നഗരത്തിൽ അന്തിയുറങ്ങുന്ന പതിവുണ്ട്. ഇവരും പെട്ടെന്നുണ്ടായ ലോക്ക് ഡൗണിൽ നഗരത്തിൽ കുടുങ്ങിയിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ പെട്ടവരുടെ കണക്ക് കൃത്യമായി ഇല്ലാത്തത് പുനരധിവാസത്തിന് വലിയ തടസമാകുന്നുണ്ട്.

ബൈറ്റ്

തെരുവോരങ്ങളിൽ കഴിഞ്ഞുകൂടുന്നവരുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് സ്കൂളിലേക്ക് മാറ്റിയത്. ഇവർക്ക് പൊലീസ് തന്നെ ഭക്ഷണമെത്തിക്കുന്നുണ്ട്​- പി.പി സദാനന്ദൻ ,​ഡിവൈ.എസ്.പി