കണ്ണൂർ: ലോക് ഡൗണിൽ തൊഴിൽ നഷ്ടമായതോടെ നാട്ടിലേക്ക് പോകാൻ അനുവദിക്കണമെന്ന അപേക്ഷയുമായി അന്യസംസ്ഥാന തൊഴിലാളികൾ കൂട്ടമായി കളക്ടറേറ്റിലേക്കെത്തി. ഇന്നലെ രാവിലെയാണ് സ്ത്രീകളുൾപ്പെടെ 50ഓളം പേർ കളക്ടർക്ക് മുന്നിൽ അപേക്ഷിക്കാനെത്തിയത്. കാട്ടാമ്പള്ളി, മയ്യിൽ, പള്ളിപ്രം തുടങ്ങിയ പ്രദേശങ്ങളിൽ താമസിക്കുന്ന തമിഴ്നാട് സ്വദേശികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
പൊതു ഗതാഗത സംവിധാനങ്ങൾ നിലച്ചതും അതിർത്തികളിൽ തടയുന്നതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി തങ്ങൾക്ക് നാട്ടിലേക്ക് പോകാൻ സൗകര്യമൊരുക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ലോക്ക് ഡൗൺ തീരുന്നത് വരെ അതിർത്തി കടന്നുപോകാനാവില്ലെന്ന് ഇവരെ പറഞ്ഞുമനസിലാക്കി . കാര്യങ്ങൾ ബോധ്യപ്പെടുത്തിയതോടെ ഇവർ മടങ്ങിയെന്ന് ഡിവൈ.എസ്.പി പി.പി സദാനന്ദൻ പറഞ്ഞു. ഇവർക്കുള്ള ഭക്ഷണം ഉറപ്പുവരുത്താൻ തദ്ദേശ സ്ഥാപനതലത്തിൽ നടപടി സ്വീകരിച്ചതായി കളക്ടർ അറിയിച്ചിരുന്നു.
അതെ സമയം അന്യസംസ്ഥാന തൊഴിലാളികളെ വാടക കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിക്കുന്നുവെന്ന പരാതിയുണ്ട്. തോട്ടട ഭാഗങ്ങളിൽ കഴിഞ്ഞദിവസം ഇത്തരം പരാതികളുണ്ടായിരുന്നു. എന്നാൽ ഇങ്ങനെ തൊഴിലാളികളെ പുറത്താക്കരുതെന്ന് ജില്ലാ കളക്ടർ നിർദ്ദേശം നല്കിയിട്ടുണ്ട്. ആശങ്കയോടെയാണ് പലരും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാനൊരുങ്ങുന്നത്.
തമിഴ്നാട്ടിൽ നിന്ന് പച്ചക്കറിയുമായി കണ്ണൂരിലെത്തിയ ലോറികളിൽ കഴിഞ്ഞദിവസം ചലർ നാട്ടിലേക്ക് തിരിച്ചിരുന്നു. എന്നാൽ ഇവരെ കോഴിക്കോട് അതിർത്തിയിൽ തന്നെ തടഞ്ഞു. ഇവരെ ഇവിടെ നിന്ന് കടത്തിവിട്ടാലും തമിഴ്നാട് അതിർത്തി കടക്കാൻ അവിടുത്തെ പൊലീസ് അനുവദിക്കില്ലെന്നതാണ് ഇവരെ തടയുന്നതിന്റെ കാരണമെന്നും പൊലീസ് വ്യക്തമാക്കി.