കണ്ണൂർ :ജില്ലയിൽ ലോക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ജീവിതശൈലി രോഗത്തിനടക്കം ഒഴിവാക്കാൻ കഴിയാത്ത മരുന്നുകൾക്ക് ക്ഷാമം നേരിടുന്നതായി മലയോരത്തെയും ഉൾനാടുകളിലേയും രോഗികൾ.പൊതുഗതാഗതം ഒഴിവാക്കുകയും മറ്റ് വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിന് അതികഠിനമായ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തതോടെ നഗരങ്ങളിലെത്തി മരുന്നുകൾ ശേഖരിച്ചുമടങ്ങാൻ കഴിയുന്നില്ലെന്നാണ് ഇവരുടെ പരാതി.
നിലവിലെ മരുന്നുകൾ തീർന്നാൽ കണ്ണൂരിലടക്കം എത്തി മരുന്നുകൾ എടുക്കാൻ സാധിക്കാത്ത അവസ്ഥയാണെന്നാണ് മെഡിക്കൽ ഷോപ്പ് നടത്തിപ്പുകാർ പറയുന്നത്. കൊളസ്ട്രോൾ, ഷുഗർ, ആസ്തമ, പ്രഷർ, കിഡ്നി തുടങ്ങിയ്ക്ക് മരുന്ന് മുടക്കാൻ കഴിയാത്തവരാണ് പ്രതിസന്ധിയിൽ കഴിയുന്നത്. ഇത്തരം രോഗിളിൽ പലരുടെയും ചെക്ക് അപ്പും മുടങ്ങിയ അവസ്ഥയിലാണ്.
ജില്ലയിലെ മൊത്ത വിതരണക്കാരിൽ നിന്നാണ് വിവിധ ഭാഗങ്ങളിലെ മെഡിക്കൽ ഷോപ്പുകളിലേക്ക് മരുന്നുകൾ എത്തുന്നത്. ഇവ ഷോപ്പുടമകൾ നേരിട്ട് കണ്ണൂരിലെ ഹോൾസെയിൽ ഷോപ്പിൽ വന്ന് എടുക്കുകയോ മൊത്ത വിതരണക്കാർ കടകളിൽ എത്തിച്ചു കൊടുക്കുകയോ ആണ് ചെയ്യാറ്. എന്നാൽ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിൽ തുടർ ദിവസങ്ങളിൽ മരുന്നുകളുടെ ലഭ്യത കുറവ് മലയോര മേഖലയെ പ്രതിസന്ധിയിലാക്കുമോയെന്ന ആശങ്കയിലാണ് രോഗികളും വ്യാപാരികളും.
അതെ സമയംകണ്ണൂർ ടൗണുകളിലെ മെഡിക്കൽ ഷോപ്പുകളിൽ ആവശ്യത്തിന് മരുന്നുകളുടെ സ്റ്റോക്ക് ഉണ്ടെന്ന് അറിയിക്കുന്നത് ആശ്വാസം പകരുന്നുണ്ട്.ഒരു മാസത്തേക്ക് വരെയുള്ള മരുന്നുകൾ ഹോൾസെയിൽ ഷോപ്പുകളിലും ഉണ്ടെന്നാണ് മൊത്ത വിതരണക്കാർ പറയുന്നത്.
മരുന്നുകൾ വീട്ടിലെത്തിക്കാനും സംവിധാനം ഒരുക്കണം
പച്ചക്കറിയും മത്സ്യവും വീടിലെത്തിക്കാൻ ജില്ലാ പഞ്ചായത്ത് സൗകര്യമൊരുക്കിയതുപോലെ മരുന്നുകൾ മലയോര പ്രദേശങ്ങൾ പോലുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സംവിധാനം ഒരുക്കണമെന്നാണ് മെഡിക്കൽ ഷോപ്പുടമകൾ പറയുന്നത്.മരുന്നുകൾ കൊണ്ട് ജീവൻ നിലനിർത്തുന്ന നിരവധി പേരുണ്ട്.ഇത്തരക്കാർക്ക് ഇത് വലിയ ഉപകരാമാകുമെന്നും ഇവർ പറയുന്നു.
നിലിവിൽ മരുന്നുകൾ ഉണ്ടെങ്കിലും സ്റ്റോക്ക് തീർന്നാൽ ടൗണിൽ നിന്നും ഇവ എത്തിക്കുക എന്നത് പ്രയാസകരമാണ് .ദിവസവും മരുന്ന് കഴിക്കുന്ന രോഗികൾക്കും വലിയ പ്രശ്നമാകും
അതുൽ രാജ് പേരുൽ,മെഡിക്കൽ ഷോപ്പ് ജീവനക്കാരൻ