കാസർകോട്: കാസർകോട് ജനറൽ ആശുപത്രിയിൽ സാമ്പിൾ കളക്ഷൻ കിട്ടില്ലാത്തത് മൂലം ഇന്നലെ കൊറോണ പരിശോധന മുടങ്ങി. ജനറൽ ആശുപത്രി കൊറോണ ചികിത്സക്ക് മാത്രമുള്ള ആശുപത്രിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് പിന്നാലെ സ്റ്റെറൈൽ സ്വാബ് സാമ്പിൾ കളക്ഷൻ കിറ്റിന് ക്ഷാമം നേരിട്ടത്. ബുധനാഴ്ച്ച ഉച്ചയോടെയാണ് കിറ്റിന്റെ കുറവ് നിമിത്തം കൊറോണ പരിശോധന മുടങ്ങിയത്. പനിയും ജലദോഷവും ചുമയുമുള്ള നിരവധി പേർ കാസർകോട് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഓരോ ദിവസവും ജനറൽ ആശുപത്രിയിൽ എത്തുന്നുണ്ട്.
ഇവരിൽ ചുമയും ശ്വാസം മുട്ടലും കൂടുതലായി കാണുന്നവരുടെ രക്തവും സ്രവവും സാമ്പിൾ ശേഖരിച്ചു ആലപ്പുഴ വൈറോളജി ലാബിലേക്ക് അയക്കണം. ഇതിനാണ് സ്റ്റെറൈൽ സ്വാബ് സാമ്പിൾ കളക്ഷൻ കിറ്റ് ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച 76 പേരുടെയും ബുധനാഴ്ച 49 പേരുടെയും സാമ്പിൾ പുതുതായി പരിശോധനക്ക് അയച്ചിരുന്നു. കിറ്റ് തീർന്നതിനാൽ കഴിഞ്ഞ ദിവസം കുറെ പേരെ നിരീക്ഷണത്തിൽ കഴിയണമെന്ന് പറഞ്ഞു തിരിച്ചയക്കുകയാണ് ചെയ്തത്. പൊലീസ് തടയുന്നതിന്റെ ഇടയിൽ വാഹനങ്ങളൊന്നും ലഭ്യമല്ലാതെ കഷ്ടപ്പെട്ടാണ് സംശയ നിവാരണത്തിനായി പലരും ജനറൽ ആശുപത്രിയിൽ എത്തുന്നത്.
വ്യാഴാഴ്ച്ച ഉച്ചവരെയായിട്ടും ആവിശ്യമായ കിറ്റുകൾ എത്തിക്കാൻ ബന്ധപ്പെട്ട ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് പരാതി ഉയർന്നത്. ബുധനാഴ്ച ചേർന്ന കൊറോണ കോർ കമ്മറ്റി യോഗത്തിലാണ് കാസർകോട് ജനറൽ ആശുപത്രിയെ കൊറോണ ആശുപത്രിയായി തീരുമാനിച്ചത്.
സ്റ്റോക്ക് അറിയാൻ വൈകി
അതേസമയം സ്റ്റോക്ക് തീരുന്നത് അറിയാൻ വൈകിയത് കൊണ്ട് സംഭവിച്ചതാണെന്നും കൊറോണ പരിശോധനയ്ക്കുള്ള 500 കിറ്റുകൾ ജനറൽ ആശുപത്രിയിൽ എത്തിച്ചതായും ഇന്നലെ വൈകുന്നേരം നാലര മണിയോടെ ഡി .എം. ഒ ഡോ..എ. വി രാംദാസ് അറിയിച്ചത്.