തൃക്കരിപ്പൂർ: കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ സർക്കാർ ലോക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് തൃക്കരിപ്പൂർ മെട്ടമ്മലിൽ 28 അംഗ ഇതരസംസ്ഥാന തൊഴിലാളി സംഘത്തിന്റെ ജീവിതം ദുരിതപൂർണമായി .തൃക്കരിപ്പൂരിന്റെ തീരപ്രദേശമായ മെട്ടമ്മൽ വയലോടി ചെറിയചാൽ പരിസരത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് ഭക്ഷണം പോലും കിട്ടാതെ ഇവർ കഴിയുന്നത്.

ദൈനംദിനമായി പലവിധ കൂലിവേല ചെയ്ത് നിത്യജീവിതം തള്ളിനീക്കുന്ന ഇവർക്ക് പുറത്തു പോകാൻ പറ്റാത്തതാണ് വിനയായത്.അരിയും പലവ്യഞ്ജനങ്ങളും തീർന്നതോടെയാണ് ഇവർ പട്ടിണിയെ നേരിടുന്നത്..കൂട്ടത്തിൽ ചിലർ രോഗികളാണെന്നത് ദൈന്യത വർദ്ധിപ്പിക്കുന്നു.. മെട്ടമ്മൽ നിവാസിയായ ഒരാളുടെ നിയന്ത്രണത്തിലാണ് ഇവർ ജോലി ചെയ്യുന്നത്. പക്ഷെ ലോക് ഡാൺ പ്രഖ്യാപിച്ചതിന് ശേഷം ഇയാൾ തിരിഞ്ഞു നോക്കിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. ഒരു അറവ് ശാലയുടെ മുകളിൽ തീർത്തും വൃത്തിഹീനവും ദുർഗ്ഗന്ധപുരിതവുമായ സാഹചര്യത്തിൽ ആടുമാടുകളെപ്പോലെയാണ് ഇവർ കഴിയുന്നത്.

പച്ചക്കറി കൃഷി മറക്കാൻ ഉപയോഗിക്കുന്ന ഗ്രീൻ മാറ്റിട്ട് തിരിച്ച നാലോളം മുറികളിൽ കഴിയുന്നവരിൽ ബംഗാളികളാണ് ഏറിയകൂറും .ജാർഖണ്ഡ്, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും കൂട്ടത്തിലുണ്ട്. റൂമൊന്നിന് മാസത്തിൽ 700 രൂപ വാടക ഇവരോട് വാങ്ങുന്നുണ്ട്. നാട്ടുകാർ അറിയിച്ചതനുസരിച്ച് തൃക്കരിപ്പൂർ ടൗൺ എഫ്.സി.ക്ലബ്ബ് പ്രവർത്തകർ ഇടപെട്ട് വിഷയം പഞ്ചായത്തിന്റെ ശ്രദ്ധയിൽ എത്തിച്ചിട്ടുണ്ട്.